മലൈക്ക അറോറയുടെ രണ്ടാനച്ഛൻ കെട്ടിടത്തിൽനിന്നു വീണു മരിച്ചു
Thursday, September 12, 2024 3:18 AM IST
മുംബൈ: പ്രമുഖ മോഡലും ടെലിവിഷൻ താരവുമായ മലൈക്ക അറോറയുടെ രണ്ടാനച്ഛൻ അനിൽ മേത്ത(65) ബാന്ദ്രയിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നു വീണു മരിച്ചു. ബാന്ദ്ര പോലീസ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. അനിൽ ജീവനൊടുക്കിയതാവാമെന്ന പ്രാഥമിക നിഗമനത്തിലാണു പോലീസ്.
മലൈക്കയുടെ ആദ്യ ഭർത്താവ് അർബാസ് ഖാനാണു സംഭവസ്ഥലത്ത് ആദ്യമെത്തിയത്. ഈ സമയം മലൈക്ക പൂനയിലായിരുന്നു. പോലീസിന്റെ ചോദ്യങ്ങളോട് മലൈക്കയും അനുജത്തി അമൃതയും പ്രതികരിച്ചിട്ടില്ല. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
മരണവാർത്തയറിഞ്ഞ് ബോളിവുഡ് താരങ്ങളായ കരീന കപൂർ, സെയ്ഫ് അലി ഖാൻ, അർബാസിന്റെ സഹോദരൻ സൊഹൈൽ ഖാൻ, മാതാപിതാക്കളായ സലിം ഖാൻ, സൽമ ഖാൻ, മലൈക്കയുടെ മകൻ അർഹാൻ ഖാൻ, അർജുൻ കപൂർ തുടങ്ങിയവർ ഇന്നലെ ബാന്ദ്രയിലെ ഫ്ലാറ്റിലെത്തിയിരുന്നു.
മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന അനിൽ മേത്ത പഞ്ചാബി ഹിന്ദു കുടുംബത്തിലാണു ജനിച്ചത്. ഭാര്യ ജോയ്സ് പോളികാർപ് മലയാളിയാണ്. മലൈക്കയ്ക്ക് 11 വയസുള്ളപ്പോൾ അനിലും ജോയ്സിയും വേർപിരിഞ്ഞു.
ചെന്പൂരിലേക്കു താമസം മാറിയ ജോയ്സിനൊപ്പമായിരുന്നു ആറുവയസുള്ള അമൃതയും മലൈക്കയും വളർന്നത്. എംടിവിയിൽ വീഡിയോ ജോക്കിയായിരുന്ന അമൃത 2002ൽ ഫർഹീൻ ഖാനൊപ്പം കിത്നെ ദൂർ കിത്നെ പാസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. 2009ൽ വ്യാപാരിയായ ഷക്കീൽ ലഡാക്കിനെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടുമക്കളുണ്ട്.