പാറ്റ്ന സ്ഫോടന പരന്പര :നാലു പ്രതികളുടെ വധശിക്ഷ 30 വർഷം തടവ് ആക്കി
Thursday, September 12, 2024 3:18 AM IST
പാറ്റ്ന: 2013ൽ ബിഹാറിലെ പാറ്റ്നയിൽ നടന്ന സ്ഫോടനപരന്പര കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പേരുടെ ശിക്ഷ 30 വർഷം തടവ് ആയി പാറ്റ്ന ഹൈക്കോടതി കുറച്ചു.
ഹൈദർ അലി, നോമാൻ അൻസാരി, മുഹമ്മദ് മുജിബുള്ള അൻസാരി, ഇംതിയാസ് ആലം എന്നിവർക്ക് എൻഐഎ കോടതി വിധിച്ച വധശിക്ഷയാണ് 30 വർഷം തടവായി കുറച്ചത്. രണ്ടു പ്രതികളുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയുമായിരുന്ന നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി ഗാന്ധി മൈതാനത്ത് നടക്കവേയായിരുന്നു സ്ഫോടന പരന്പരയുണ്ടായത്.
ആറു സ്ഫോടനങ്ങളിലായി ആറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. പാറ്റ്ന റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്ഫോടനം.