ജുലാനയിൽ പ്രചാരണത്തിനു തുടക്കം കുറിച്ച് വിനേഷ് ഫോഗട്ട്
Monday, September 9, 2024 2:42 AM IST
ചണ്ഡിഗഡ്: ജനങ്ങളുടെ അനുഗ്രഹത്താൽ ഓരോ യുദ്ധവും ജയിക്കാനാകുമെന്ന് ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു വിനേഷ്. വെള്ളിയാഴ്ചയാണ് ഫോഗട്ടിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
ജുലാനയിൽ ഇന്നലെ വിനേഷ് ഫോഗട്ടിന് ആവേശോജ്വല സ്വീകരണമാണു ലഭിച്ചത്. വയോധികരടക്കം നൂറുകണക്കിനു പേരാണ് ഫോഗട്ടിനെ സ്വീകരിക്കാനെത്തിയത്. തന്നെ സ്ഥാനാർഥിയാക്കിയതിനു കോൺഗ്രസ് പാർട്ടിക്ക് ഫോഗട്ട് നന്ദി പറഞ്ഞു. ഡൽഹിയിൽ പ്രക്ഷോഭം നടത്തവേ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പിന്തുണ നല്കിയത് ഫോഗട്ട് അനുസ്മരിച്ചു.
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോൾ, ബ്രിജ്ഭൂഷൺ അല്ല രാജ്യമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ മറുപടി. “എന്റെ രാജ്യം എനിക്കൊപ്പം നിന്നു. എന്റെ പ്രിയപ്പെട്ടവർ എനിക്കൊപ്പം നിന്നു. അവരാണ് എനിക്കു വേണ്ടപ്പെട്ടവർ’’-ഫോഗട്ട് പറഞ്ഞു. ഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം പിടിച്ചെടുക്കാനും ബിജെപിയെ ആക്രമിക്കാനും ഫോഗട്ടിനെയും ബജ്രംഗ് പുനിയയെയും കോൺഗ്രസ് കരുവാക്കിയെന്ന് കഴിഞ്ഞദിവസം ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റപ്പെടുത്തിയിരുന്നു.
2019ൽ ജെജെപി വിജയിച്ച ജുലാന മണ്ഡലത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. അതേസമയം, ജുലാനയിൽ ഇന്നേവരെ ബിജെപിക്കു വിജയിക്കാനായിട്ടില്ല. ഫോഗട്ടിനെതിരേയുള്ള സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല.