റഷ്യ-യുക്രെയ്ൻ സംഘർഷം: സമാധാന ചർച്ചകൾക്കായി അജിത് ഡോവൽ മോസ്കോയിലേക്ക്
സ്വന്തം ലേഖകൻ
Monday, September 9, 2024 2:42 AM IST
ന്യൂഡൽഹി: രണ്ടര വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടുന്നു. ഇതിന്റെ ഭാഗമായി സമാധാന ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്ത ദിവസം റഷ്യൻ തലസ്ഥാനമായ മോസ്കോ സന്ദർശിക്കും. പ്രസിഡന്റ് വ്ലാദിമിർ പുടിനെ സന്ദർശിച്ച് അജിത് ഡോവൽ ചർച്ച നടത്തും.
രണ്ടര വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിൽ ഈ ചർച്ച നിർണായകമാകുമെന്നാണ് കരുതുന്നത്. റഷ്യ-യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾക്കു മധ്യസ്ഥത വഹിക്കാനാകുമെന്ന് കഴിഞ്ഞദിവസം വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ പുടിനുമായി ഫോണ് സംഭാഷണം നടത്തിയ മോദി യുക്രെയ്നുമായുള്ള പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ തുടർനീക്കം എന്നനിലയിലാണ് അജിത് ഡോവലിനെ റഷ്യയിലേക്ക് സമാധാന ചർച്ചകൾക്കായി കേന്ദ്രം അയയ്ക്കുന്നത്. അതേസമയം, സന്ദർശന തീയതി പുറത്തുവിട്ടിട്ടില്ല.