വിനേഷ് ഫോഗട്ടിന്റേതു തട്ടിപ്പ്: ബ്രിജ് ഭൂഷൺ
Sunday, September 8, 2024 2:25 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഒളിന്പിക്സ് ഗുസ്തിയിൽ സ്വർണമെഡൽ നഷ്ടമായ ഇന്ത്യയുടെ ധീരപുത്രി വിനേഷ് ഫോഗട്ട് തട്ടിപ്പ് നടത്തിയെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ മേധാവിയും ബിജെപി മുൻ എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്.
വിനേഷിന്റേത് 140 കോടി ഇന്ത്യക്കാരുടെ മെഡൽ സ്വപ്നമായിരുന്നുവെന്നും വിനേഷിനെ അയോഗ്യയാക്കിയത് ആഘോഷിച്ചവർ ദേശഭക്തരാണോയെന്നും മറ്റൊരു ഗുസ്തിതാരമായ ബജ്രംഗ് പുനിയ തിരിച്ചടിച്ചു.
വിനേഷ് ഫോഗട്ടിനെതിരേ സംസാരിക്കാൻപോലും സ്ത്രീപീഡനത്തിന് വനിതാ ഗുസ്തി താരങ്ങൾ പരാതി നൽകിയ ബ്രിജ് ഭൂഷണ് അർഹതയില്ലെന്നു കോണ്‍ഗ്രസ് വക്താവ് പവൻ ഖേരയും പറഞ്ഞു. ആരു തെറ്റ് ചെയ്താലും അവർക്കൊപ്പമാണു ബിജെപി.
ബ്രിജ് ഭൂഷണെതിരേ ആറു ഗുസ്തിതാരങ്ങൾ കേസ് ഫയൽ ചെയ്തിരുന്നു. ഏതൊക്കെ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയതെന്നു കണ്ടിട്ടുണ്ടോ? അയാൾക്കെങ്ങനെ ധൈര്യം വന്നു ഇങ്ങനെ സംസാരിക്കാൻ- കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. തെറ്റിനെതിരേ ശബ്ദമുയർത്തുമെന്നും ഇരകൾക്കൊപ്പമാണു കോണ്‍ഗ്രസെന്നും പവൻ ഖേര വ്യക്തമാക്കി.
വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസിൽ ചേർന്നതിന്റെ പിറ്റേന്നാണ് ബിജെപി നേതാവും ലൈംഗികാരോപണ കേസിലെ പ്രതിയുമായ ബ്രിജ് ഭൂഷണിന്റെ വിനേഷിനെതിരേയുള്ള വിവാദ പരാമർശം. വിനേഷിന്റെ നഷ്ടത്തിൽ ആഹ്ലാദിക്കുകയാണ് ബ്രിജ് ഭൂഷണെന്ന് പുനിയ കുറ്റപ്പെടുത്തി.
“വിനേഷിന്റെ അയോഗ്യത ആഘോഷിച്ചവർ ദേശഭക്തരാണോ? കുട്ടിക്കാലം മുതൽ രാജ്യത്തിനുവേണ്ടി ഞങ്ങൾ പോരാടുകയാണ്. ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കാൻ അവർ ധൈര്യപ്പെടുന്നു. എന്നിട്ട് അവർ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു. അത് വിനേഷിന്റെ മെഡൽ ആയിരുന്നില്ല. 140 കോടി ഇന്ത്യക്കാരുടെ മെഡലായിരുന്നു.
അവളുടെ നഷ്ടത്തിൽ അവൻ ആഹ്ലാദിക്കുന്നു’’- കർഷക കോണ്‍ഗ്രസിന്റെ ദേശീയ വർക്കിംഗ് ചെയർമാനായി നിയമിതനായ ബജ്രംഗ് പുനിയ പറഞ്ഞു.
താനുൾപ്പെടെയുള്ള വനിതാ കായികതാരങ്ങളെ റോഡിൽ വലിച്ചിഴച്ചപ്പോൾ ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും തങ്ങളുടെ വേദനയും കണ്ണീരും മനസിലാക്കിയെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.
ഒക്ടോബർ അഞ്ചിനു നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി വിനേഷ് മത്സരിക്കും. വിനേഷിനെ സ്ഥാനാർഥിയാക്കിയത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് ബ്രിജ് ഭൂഷണ് പറഞ്ഞു.
ലൈംഗികാരോപണത്തെത്തുടർന്ന് ബ്രിജ് ഭൂഷണ് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ പകരം സ്ഥാനാർഥിയായ മകൻ കരണ്‍ ഭൂഷണ് സിംഗ് ജയിക്കുകയും ചെയ്തു.വിനേഷ് ഫോഗട്ട് ഒളിന്പിക്സിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ഗുസ്തി ഫെഡറേഷൻ മുൻ തലവനായ ബ്രിജ് ഭൂഷണ് കുറ്റപ്പെടുത്തി. അവസാന മത്സരത്തിനു മുന്‍പുള്ള അവളുടെ അയോഗ്യത ദൈവം നൽകിയ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ലൈംഗികാരോപണങ്ങളും ഗുസ്തിക്കാരുടെ പ്രതിഷേധവും കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നു തെളിയുകയാണെന്നും മുൻ ബിജെപി എംപി ബ്രിജ് ഭൂഷണ് ആരോപിച്ചു.
വിനേഷ് ഫോഗട്ട് കോണ്‍ഗ്രസിൽ ചേർന്നതും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ഇതിന്റെ തെളിവാണ്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയും മകനും എംപിയുമായ ദീപേന്ദർ ഹൂഡയുമാണു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.