കോല്‍ക്കത്ത ഡോക്ടറുടെ കൊലപാതകം:സഞ്ജയ് റോയി ഏക പ്രതി, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നു സിബിഐ
Saturday, September 7, 2024 1:54 AM IST
കോല്‍ക്കത്ത: കോല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സിബിഐ റിപ്പോര്‍ട്ട്. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നും അറസ്റ്റിലായ സഞ്ജയ് റോയി മാത്രമാണു കുറ്റകൃത്യത്തിനു പിന്നിലെന്നും സിബിഐ കണ്ടെത്തിയതായാണു റിപ്പോര്‍ട്ടുകള്‍.
അന്വേഷണം അവസാനഘട്ടത്തിലാണെന്നു സ്ഥിരീകരിച്ച സിബിഐ വൃത്തങ്ങള്‍ ഉടന്‍ കുറ്റപത്രം നല്‍കാനാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങളെന്നും അവർ വിശദീകരിച്ചു.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാൻ സിബിഐക്കു മേൽ സമ്മർദം നിലനിൽക്കുന്നുണ്ട്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ സിബിഐയുടേതു മെല്ലപ്പെക്കാണെന്ന വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.
പ്രതിയിൽനിന്നു ശേഖരിച്ച ഡിഎൻഎ സാന്പിളുകൾ സിബിഐ സംഘം ഡൽഹി എയിംസിലേക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ അന്തിമറിപ്പോർട്ട് എത്തിയാൽ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.
പത്തുപേരുടെ നുണപരിശോധനാ റിപ്പോർട്ടും നൂറിലേറെ പേരുടെ മൊഴികളും ഇതുവരെ സിബിഐ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ആശുപത്രിയുടെ മുൻ മേധാവി സന്ദീപ് ഘോഷിന്റേത് ഉൾപ്പെടെയാണിത്.
കോളജിൽ നടന്ന സാന്പത്തികതട്ടിപ്പിലും സന്ദീപ് ഘോഷ് അന്വേഷണം നേരിടുകയാണ്. ഇന്നലെ സന്ദീപ് ഘോഷിന്റെ വീട് ഇഡി സംഘം റെയ്ഡ് ചെയ്തു. കോളജിലെ ക്രമക്കേടിനു പുറമേ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസും ഘോഷിനെതിരേയുണ്ട്.