മുഖ്യമന്ത്രിസ്ഥാനാർഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കില്ല
Friday, September 6, 2024 1:51 AM IST
ന്യൂഡൽഹി: ഹരിയാനയിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം തെരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. പാർട്ടിയിലെ പ്രബല നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പുപോര് ഒഴിവാക്കാനാണു മുഖ്യമന്ത്രിസ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കേണ്ടതില്ലെന്ന തീരുമാനത്തിനു പിന്നിൽ.
അതേസമയം, ആം ആദ്മി പാർട്ടിയുമായി സഖ്യം ഒഴിവാക്കി ഒറ്റയ്ക്കു മത്സരിക്കാൻ കോണ്‍ഗ്രസിൽ സമ്മർദേമേറിയിട്ടുണ്ട്. എങ്കിലും എഎപിയുമായുള്ള സഖ്യസാധ്യത പൂർണമായി അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. ആകെയുള്ള 90 സീറ്റുകളിൽ 20 സീറ്റ് വേണമെന്ന എഎപിയുടെ ആവശ്യത്തിന് വഴങ്ങരുതെന്നാണു സംസ്ഥാന നേതാക്കളുടെ പക്ഷം.
എന്നാൽ, ദേശീയതലത്തിൽ "ഇന്ത്യ'സഖ്യം കഴിയുന്നത്ര യോജിച്ചു മത്സരത്തിന് ശ്രമിക്കണമെന്നാണു രാഹുൽ ഗാന്ധിയുടെ നിലപാട്. എന്നാൽ, ബിജെപിയെ തോൽപ്പിക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് എംപി പറഞ്ഞു.
ബിജെപി സർക്കാരിനെതിരേ ശക്തമായ ജനവികാരമുള്ളതിനാലും ആ പാർട്ടിയിൽ വിമതശല്യം രൂക്ഷമായതിനാലും ഒറ്റയ്ക്കു മത്സരിച്ചാൽ നേട്ടമുണ്ടാക്കാമെന്നാണു സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ വാദം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പകുതി സീറ്റുകളിൽ നേടിയ വിജയവും കോണ്‍ഗ്രസിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 46 ശതമാനവും കോണ്‍ഗ്രസിന് 44 ശതമാനവും എഎപിക്ക് നാലു ശതമാനവും വോട്ടാണു ലഭിച്ചത്.