വിക്കിപീഡിയയ്ക്കെതിരേ കോടതിയലക്ഷ്യ നോട്ടീസ്
Friday, September 6, 2024 1:50 AM IST
ന്യൂഡൽഹി: സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കെതിരേ കോടതിയലക്ഷ്യ നോട്ടീസ്. വാർത്താ ഏജൻസിയായ എഎൻഐയുടെ വിക്കിപീഡിയ പേജിൽ അപകീർത്തികരമായ തിരുത്തൽ നടത്തിയ വ്യക്തികളുടെ വിവരം പങ്കുവയ്ക്കാൻ വിക്കിപീഡിയയ്ക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചത്.
വിക്കിപീഡിയയുടെ പെരുമാറ്റത്തിനെതിരേ ജസ്റ്റീസ് നവീൻ ചൗള ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
ഇന്ത്യയിൽ വിക്കിപീഡിയയുടെ സേവനം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും താത്പര്യമില്ലെങ്കിൽ ഇവിടെ ബിസിനസ് ചെയ്യരുതെന്നും കോടതി താക്കീത് നൽകി. കേസ് പരിഗണിക്കുന്ന ഒക്ടോബർ 25ന് വിക്കിപീഡിയയുടെ അംഗീകൃത പ്രതിനിധി കോടതിയിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
സർക്കാരിന്റെ ഉപകരണമായി എഎൻഐ പ്രവർത്തിക്കുന്നുവെന്ന് വിക്കിപീഡിയ പേജിൽ മൂന്നുപേർ തിരുത്തൽ വരുത്തിയിരുന്നു. ഇതിനെതിരേ ഹൈക്കോടതി നേരത്തേ വിക്കിപീഡിയയ്ക്കു സമൻസ് അയയ്ക്കുകയും എഎൻഐയുടെ വിക്കിപീഡിയ പേജിൽ തിരുത്തലുകൾ വരുത്തിയ മൂന്നുപേരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി എഎൻഐ കോടതിയിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണു ഹൈക്കോടതി നടപടി.