മണിപ്പുർ ഡ്രോണ്‍ ബോംബാക്രമണം അന്വേഷിക്കാൻ ഉന്നത കേന്ദ്രസമിതി
Wednesday, September 4, 2024 2:35 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുരിൽ ഡ്രോണുകളിൽ സ്ഫോടകവസ്തുക്കൾ ഇറക്കി നടത്തിയ ബോംബാക്രമണത്തിന്റെ പ്രവർത്തനരീതി പരിശോധിക്കാൻ സൈനിക ഉദ്യോഗസ്ഥർ അടക്കം ഉന്നതതല സമിതി കേന്ദ്രസർക്കാർ രൂപീകരിച്ചു.
സൈന്യത്തിനു പുറമെ മണിപ്പുർ പോലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരാണു സമിതിയംഗങ്ങൾ. എന്നാൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും മൂർച്ഛിച്ച പശ്ചാത്തലത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുന്ന നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
കരസേനയുടെ 57 മൗണ്ടൻ ഡിവിഷനുകളിലെ ലെഫ്റ്റനന്റ് ജനറൽ, മണിപ്പുർ അഡീഷണൽ ഡിജിപി, ആസാം റൈഫിൾസിന്റെ (സൗത്ത്) മേജർ ജനറൽ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), അതിർത്തിരക്ഷാസേന (ബിഎസ്എഫ്) എന്നിവിടങ്ങളിൽ നിന്നുള്ള ഇൻസ്പെക്ടർ ജനറലുകൾ എന്നിവരാകും വിദഗ്ധ സമിതിയിലുണ്ടാകുക.
സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാനും അവ കൃത്യമായി വിക്ഷേപിക്കാനും അക്രമികൾ ഡ്രോണുകളെ എങ്ങിനെ പരിഷ്കരിക്കുന്നുവെന്ന് സമിതി വിശകലനം ചെയ്യും.
ചൊവ്വാഴ്ച രാവിലെ മണിപ്പുരിലെ സിംഗ്ല അണക്കെട്ടിനു സമീപം മണിപ്പുർ റൈഫിൾസ് പോസ്റ്റിന്റെ ടെറസിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണ്‍ പതിച്ചതാണ് ഏറ്റവും പുതിയ കേസ്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച പുലർച്ചെ ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ ഡ്രോണ്‍ ബോംബാക്രമണത്തിലും വെടിവയ്പിലും രണ്ടു പേർ കൊല്ലപ്പെടുകയും ഒന്‍പതു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നാല് ഡ്രോണ്‍ ആക്രമണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു മണിപ്പുർ പോലീസ് അവകാശപ്പെട്ടു.
മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലിൽ തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് കേന്ദ്രം സമിതി രൂപീകരിച്ചത്. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകളുടെ പ്രവർത്തനരീതി മനസിലാക്കാൻ സാങ്കേതിക വിദഗ്ധരെ സമിതി നിയമിക്കും.
പഞ്ചാബിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ ഡ്രോണുകൾ ഉപയോഗിച്ചു മയക്കുമരുന്നും തോക്കുകളും വലിച്ചെറിയുന്നതു കൈകാര്യം ചെയ്യുന്ന ബിഎസ്എഫിലെ വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തും.
മണിപ്പുരിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ തെളിവുകൾ സമിതി ശേഖരിക്കുകയും ഭീഷണി പരിശോധിക്കുകയും ചെയ്യും. ഈ പുതിയ ഭീഷണി കൈകാര്യം ചെയ്യുന്നതിനുള്ള തിരുത്തൽ നടപടികൾ കമ്മിറ്റി തീരുമാനിക്കും.
മണിപ്പുരിലെ കുക്കി, മെയ്തെയ് ഗ്രൂപ്പുകളിൽനിന്നുള്ള തീവ്രവാദികൾ നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാങ്പോക്പിയിലെ ഒരു ക്യാന്പിൽനിന്ന് ഒരു ഡ്രോണ്‍ സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.
ഡ്രോണുകൾ ആയുധമാക്കുന്ന പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആസാം റൈഫിൾസ് മേധാവി ലെഫ്റ്റനന്റ് ജനറൽ വികാസ് ലഖേര കഴിഞ്ഞ ദിവസം മണിപ്പുർ സന്ദർശിച്ചു. മ്യാൻമറിൽനിന്നു പരിശീലനം നേടിയവരാകാം പുതിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നിലെന്നാണു സംശയം.