സുരക്ഷ ശക്തമാക്കി രാജ്യതലസ്ഥാനം
Thursday, August 15, 2024 1:25 AM IST
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി രാജ്യതലസ്ഥാനം. 10,000 പോലീസ് ഉദ്യോഗസ്ഥരെയും 3,000 ട്രാഫിക് ഉദ്യോഗസ്ഥരെയും പ്രധാന മേഖലകളിൽ വിന്യസിച്ചതായി അധികൃതർ പറഞ്ഞു.
ഇന്നലെ അർധരാത്രിയോടെ ഡൽഹിയുടെ അതിർത്തികളിലെ വാണിജ്യ, ഹെവി വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു. പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
700ലഅധികം എഐ കാമറകൾ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിവിഐപി മേഖലകളിൽ പോലീസ് മോക്ക് ഡ്രില്ലും സുരക്ഷാ പരിശോധനയും പൂർത്തിയാക്കിയതായി ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്ല പറഞ്ഞു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ, മെട്രോ സ്റ്റേഷനുകൾ, മാർക്കറ്റുകൾ എന്നിവയുൾപ്പെടെ മേഖലകൾ തിരിച്ച് കൂടുതൽ പോലീസിനെയും അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലും ഗതാഗതം നിയന്ത്രിക്കും. ഇതിനുപുറമെ കമാൻഡോകൾ ഉൾപ്പെടെ സൈനികരെയും തന്ത്രപ്രധാന സ്ഥലങ്ങളിൽ വിന്യസിച്ചുകഴിഞ്ഞതായി അധികൃതർ അറിയിച്ചു.