നുഴഞ്ഞുകയറ്റം: 11 ബംഗ്ലാദേശികൾ പിടിയിൽ
Monday, August 12, 2024 2:31 AM IST
ന്യൂഡൽഹി: ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച 11 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ്ചെയ്തതായി അതിർത്തി രക്ഷാസേന (ബിഎസ്എഫ്). പശ്ചിമബംഗാൾ, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിവഴി ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്. തുടർനടപടികൾക്കായി ഇവരെ സംസ്ഥാന പോലീസുകളെ ഏൽപ്പിക്കുമെന്ന് ബിഎസ്എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി.
ബംഗ്ലാദേശ് അതിർത്തിരക്ഷാസംവിധാനമായ ബിജിബിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കൊപ്പം ബംഗ്ലാദേശിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ സംരക്ഷണവും ഉന്നയിക്കുന്നുണ്ടെന്നും ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു.
പശ്ചിമബംഗാളിൽനിന്നും ത്രിപുരയിൽനിന്നും രണ്ടുപേരെ വീതമാണു നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പിടികൂടിയത്. മേഘാലയ അതിർത്തിയിൽനിന്ന് ഏഴു പേരെയും. ഷേഖ് ഹസീന സർക്കാരിന്റെ പതനത്തെത്തുടർന്നുള്ള സംഭവവികാസങ്ങൾ നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.