ബംഗ്ലാദേശ് മോഡൽ ഇന്ത്യയിലും; ഹിന്ദു ഒന്നിക്കണമെന്ന് ആർഎസ്എസ് വനിതാ വിഭാഗം
Friday, August 9, 2024 2:21 AM IST
ന്യൂഡൽഹി: ബംഗ്ലാദേശ് മോഡൽ കലാപം സൃഷ്ടിക്കാൻ ഇന്ത്യയിലും ശ്രമം നടക്കുന്നുണ്ടെന്ന് ആർഎസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതി.
ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും അസ്ഥിരതയും സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള നീക്കങ്ങൾക്കതിരേ ഹിന്ദു സമൂഹം ഒന്നിക്കണമെന്നും ജാഗ്രതപുലർത്തണമെന്നും രാഷ്ട്ര സേവികാ സമിതി അധ്യക്ഷ ശാന്താകുമാരി പറഞ്ഞു.
ഷേഖ് ഹസീനയുടെ സർക്കാരിനെ താഴെയിറക്കിയതിനു ശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾ അക്രമത്തിനിരയായിക്കൊണ്ടിരിക്കുകയാണെന്നു ശാന്താ കുമാരി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നു, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു- ഇത്തരം അതിക്രമങ്ങളെ ശക്തമായി അപലപിക്കുകയാണ്.
ഇന്ത്യാ വിരുദ്ധ ശക്തികൾക്കതിരേ ഹിന്ദു സമൂഹം ജാഗ്രതയോടെയും ഐക്യത്തോടെയും നിലകൊള്ളണമെന്നും ശാന്താ കുമാരി കൂട്ടിച്ചേർത്തു.