12 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന്
Thursday, August 8, 2024 2:27 AM IST
ന്യൂഡൽഹി: രാജ്യസഭയിൽ ഒഴിവുള്ള 12 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിനു നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കമുള്ള നേതാക്കൾ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിഞ്ഞുകിടന്ന പത്തു സീറ്റുകളിലും കാലാവധി പൂർത്തിയാകുന്ന രണ്ടു സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ രാജസ്ഥാനിലെ രാജ്യസഭാ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. ഈ മാസം 14ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈമാസം 21 ആണെന്നും കമ്മീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റബർ മൂന്നിനുതന്നെ ഫലം പ്രഖ്യാപിക്കും. ആസാം, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ രണ്ടു സീറ്റുകൾ വീതവും ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളിൽ ഓരോ സീറ്റ് വീതവുമാണുള്ളത്.