കോച്ചിംഗ് സെന്ററിലെ മുങ്ങിമരണം: സിബിഐ അന്വേഷണം ആരംഭിച്ചു
Thursday, August 8, 2024 2:27 AM IST
ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു.
ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ ഉടമ അഭിഷേക് ഗുപ്തയ്ക്കെതിരേ കേന്ദ്ര ഏജൻസി വീണ്ടും കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം സ്വദേശി നെവിൻ (24) യുപി സ്വദേശി ശ്രേയ യാദവ് (25), തെലങ്കാന സ്വദേശി ടാനിയ സോണി (25) എന്നീ വിദ്യാർഥികളാണ് കോച്ചിംഗ് സെന്ററിലെ ബേസ്മെന്റിൽ വെള്ളം കയറിയതിനെത്തുടർന്ന് മുങ്ങിമരിച്ചത്.
വിദ്യാർഥികളുടെ മരണത്തിൽ പോലീസിനെയും ഡൽഹി മുനിസിപ്പൽ കോർപറേഷനെയും (എംസിഡി) കോടതി കുറ്റപ്പെടുത്തി. സിബിഐ നടത്തുന്ന അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നാമനിർദേശം ചെയ്യാനും കോടതി കേന്ദ്ര വിജിലൻസ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.