മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഒഴിവാക്കി
Tuesday, August 6, 2024 2:29 AM IST
ന്യൂഡൽഹി: നാഷണൽ കൗണ്‍സിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പുറത്തിറക്കിയ മൂന്ന്, ആറ് ക്ലാസുകളിലെ ചില പാഠപുസ്തകങ്ങളിൽനിന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഒഴിവാക്കി. നേരത്തേ പരിസ്ഥിതി പഠനം (ഇവിഎസ്) ഹിന്ദി, ഇംഗ്ലീഷ്, സയൻസ് എന്നീ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പരിഷ്കരിച്ച് പുതുതായി അച്ചടിച്ച സയൻസ്, ഹിന്ദി പാഠപുസ്തകങ്ങളിൽ മാത്രമേ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇവിഎസ് പാഠപുസ്തകത്തിൽനിന്ന് ഭരണഘടനയുടെ ആമുഖം ഒഴിവാക്കി.
കഴിഞ്ഞ വർഷത്തേതിൽനിന്ന് മാറി എൻസിഇആർടി മൂന്ന് പരിസ്ഥിതി പഠന പുസ്തകങ്ങൾക്കു പകരം എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് എന്ന ഒരു പുസ്തകം മാത്രമാണ് ഇറക്കിയിരിക്കുന്നത്.
ഈ പുതിയ പുസ്തകത്തിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയിട്ടില്ല, എന്നാൽ മൗലികാവകാശങ്ങളും കടമകളും പരാമർശിക്കുന്നുണ്ട്. കണക്കു പുസ്തകം ഇതുവരെയും ലഭ്യമായിട്ടില്ല.
പുതിയ ഇംഗ്ലീഷ് പാഠപുസ്തകമായ പൂർവിയിൽ ദേശീയഗാനമുണ്ട്, സംസ്കൃത പാഠമായ ദീപകത്തിൽ ദേശീയഗാനം നൽകിയിട്ടുണ്ടെങ്കിലും ആമുഖമില്ല. എൻസിഇആർടിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തു വന്നിട്ടുണ്ട്.