ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് 5 വർഷം
Tuesday, August 6, 2024 2:29 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയിട്ട് അഞ്ചു വർഷം. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. സംസ്ഥാനത്തെ ജമ്മു കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തു.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഇന്നലെ വിവിധ രാഷ്ട്രീയ പാർട്ടികൾ കരിദിനം ആചരിച്ചു. പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പിഡിപി എന്നിവ ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു. തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മുൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
അതേസമയം, ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികം ബിജെപി ആഘോഷമാക്കി. ജമ്മു കാഷ്മീർ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലാണെന്നു ബിജെപി നേതാക്കൾ പറഞ്ഞു.
ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടത്തുമെന്നു കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഢി പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് ജമ്മു കാഷ്മീരിൽ പാക്കിസ്ഥാന്റെയും പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും പ്രവർത്തനം ചുരുങ്ങിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ഏകാത്മ മഹോത്സവിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി കിഷൻ റെഡ്ഢി.