ഭക്ഷ്യസുരക്ഷയുടെ ശക്തി ചെറുകിട കർഷകർ: മോദി
Sunday, August 4, 2024 1:35 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ 90 ശതമാനം വരുന്ന ചെറുകിടക്കാരാണ് ഭക്ഷ്യസുരക്ഷയുടെ ഏറ്റവും വലിയ ശക്തിയെന്നും രാജ്യത്തിന്റെ സാന്പത്തികനയങ്ങളുടെ കേന്ദ്രബിന്ദുവാണ് കൃഷിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
മഹഭൂരിപക്ഷം കർഷകരും ചെറുകിടക്കാരായതിനാൽ സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളുമായി ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തണമെന്നും ആഗോള കാർഷിക സാന്പത്തിക വിദഗ്ധരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഡൽഹിയിലെ നാഷണൽ അഗ്രികൾച്ചറൽ സയൻസ് സെന്ററിൽ ആരംഭിച്ച അന്താരാഷ്ട്ര അഗ്രികൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ആഗോള കാർഷിക സാന്പത്തിക വിദഗ്ധരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി.
സുസ്ഥിര കൃഷി, കാലാവസ്ഥാ പ്രതിരോധ കാർഷികരീതികൾ എന്നിവയിൽ നൂതനമായ സമീപനങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഡൽഹിയിലെ ആഗോള സമ്മേളനം വഴിതെളിക്കുമെന്ന് കേന്ദ്രകൃഷി മന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ പറഞ്ഞു. കാനഡയിലെ വാൻകൂവറിൽ 2021 ഓഗസ്റ്റിൽ നടന്ന സമ്മേളനത്തിന്റെ തുടർച്ചയാണ് ഡൽഹി സമ്മേളനമെന്ന് മന്ത്രി വിശദീകരിച്ചു.
അതേസമയം, ഇന്ത്യയിലെ കർഷകർ നേരിടുന്ന വിലത്തകർച്ച, സംഭരണ, വിപണന പ്രശ്നങ്ങൾ, വരുമാന ഇടിവ് എന്നിവ പരിഹരിക്കാൻ സമഗ്ര പദ്ധതികൾ ഇപ്പോഴുമില്ലെന്ന് സമ്മേളനത്തിനെത്തിയ കാർഷിക, സാന്പത്തിക വിദഗ്ധർ ദീപികയോട് പറഞ്ഞു.
കാർഷിക ഗവേഷണത്തിനുള്ള ബജറ്റ് വിഹിതത്തിൽ ഒരു ശതമാനം പോലും വർധനവില്ല. കഴിഞ്ഞവർഷം 9,880 കോടി രൂപ വകയിരുത്തിയപ്പോൾ ഈ വർഷം 9,940 കോടി മാത്രമാണു കാർഷിക ഗവേഷണത്തിന് അനുവദിച്ചതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കൃഷിക്കും കർഷക ക്ഷേമത്തിനുമായി ബജറ്റിൽ നീക്കിവച്ച 1.22 ലക്ഷം കോടി രൂപയിൽ 72 ശതമാനം ഭക്ഷ്യ, വളം സബ്സിഡികൾക്കാണു ചെലവഴിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.