സമാധാന ചർച്ചയ്ക്കു പിന്നാലെ മണിപ്പുരിൽ വീണ്ടും തീവയ്പ്
Sunday, August 4, 2024 1:35 AM IST
ന്യൂഡൽഹി: മണിപ്പുരിലെ ജിരിബാം ജില്ലയിൽ കുക്കി, മെയ്തെയ് വിഭാഗങ്ങൾ നടത്തിയ സമാധാനയോഗത്തിനു പിന്നാലെ അക്രമവും തീവയ്പും. ജിരിബാമിലെ ബംഗാളി ഭൂരിപക്ഷ പ്രദേശമായ ലാൽപാനിയിൽ വെള്ളിയാഴ്ച രാത്രി അക്രമികൾ ഒരു മെയ്തെയ് വീട് അഗ്നിക്കിരയാക്കി.
ഇതിനിടെ, അക്രമം രൂക്ഷമായ മേഖലകളിൽ നിഷ്പക്ഷമായി പ്രവർത്തിച്ച ആസാം റൈഫിൾസിന്റെ രണ്ടു ബറ്റാലിയനുകളെ മാറ്റി സിആർപിഎഫിനെ (കേന്ദ്ര റിസർവ് പോലീസ് സേന) നിയോഗിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായി.
കുക്കി ഭൂരിപക്ഷ മേഖലകളായ കാങ്പോക്പി, കാങവായ് എന്നിവിടങ്ങളിൽ നിന്ന് ആസാം റൈഫിൾസിന്റെ 9, 22 ബറ്റാലിയനുകളെ പിൻവലിക്കാനാണു കേന്ദ്രനീക്കം.
മെയ്തെയ്- കുക്കി മേഖലകളെ വേർതിരിക്കുന്ന ബഫർ സോണുകൾ പ്രധാനമായും ആസാം റൈഫിൾസ് കാത്തതിനാൽ പരസ്പരം കയറിയുള്ള അക്രമങ്ങൾ കലാപത്തിന്റെ ആദ്യ രണ്ടു ദിവസങ്ങൾക്കുശേഷം കുറഞ്ഞിരുന്നു.