നാസയുടെ ബഹിരാകാശദൗത്യത്തിൽ രണ്ട് ഇന്ത്യക്കാർ
Saturday, August 3, 2024 2:04 AM IST
ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനുമുന്പ് ബഹിരാകാശത്തേക്കു പറക്കാൻ വ്യോമസേനാ പൈലറ്റുമാരായ ലക്നോ സ്വദേശി ശുഭാൻഷു ശുക്ലയും മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരും.
ഒക്ടോബറിൽ നടക്കുന്ന നാസയുടെ നാലാം സ്വകാര്യ ബഹിരാകാശദൗത്യത്തിലാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പോകുക. നാസയ്ക്കുവേണ്ടി അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്വകാര്യ കന്പനിയായ ആക്സിയം സ്പേസാണ് ദൗത്യം നടത്തുന്നത്.
ആക്സിയം-4 എന്ന ഈ ദൗത്യത്തിൽ ശുഭാൻഷു ശുക്ല പ്രൈം മിഷൻ പൈലറ്റും പ്രശാന്ത് ബാലകൃഷ്ണൻ നായർ ബാക്കപ് മിഷൻ പൈലറ്റുമാണ്.
ഇതുസംബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററും നാസയും ആക്സിയൊം സ്പേസും കരാറിൽ ഒപ്പിട്ടു. അമേരിക്കയുടെ പെഗ്ഗി വിറ്റ്സൺ (കമാൻഡർ), പോളണ്ടിന്റെ സാവോസ് ഉസ്നാൻസ്കി (മിഷൻ സ്പെഷലിസ്റ്റ്), ഹംഗറിയുടെ ടിബോർ കപു (മിഷൻ സ്പെഷലിസ്റ്റ്) എന്നിവരും ആക്സിയം-4 ദൗത്യസംഘത്തിൽ ഉൾപ്പെടുന്നു.
ഇവർക്കുള്ള പരിശീലനം ഈയാഴ്ച ആരംഭിക്കും. ആക്സിയം-4 ദൗത്യത്തിനിടയിൽ 14 ദിവസം അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിൽ ചെലവിടുന്ന സംഘം ശാസ്ത്ര ഗവേഷണത്തിലും സാങ്കേതിക പ്രദർശനത്തിലും പരീക്ഷണങ്ങളിലും ഏർപ്പെടും.
മറ്റു ബഹിരാകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയാണ് ശുഭാൻഷു ശുക്ല. പാലക്കാട് നെന്മാറ പഴയഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ.
വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ശുഭാൻഷു ശുക്ലയും പ്രശാന്ത് ബാലകൃഷ്ണനുമുൾപ്പെടെ നാലുപേരാണ് ഇന്ത്യയുടെ അടുത്തവർഷം നടക്കാനിരിക്കുന്ന ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്നത്.
ദൗത്യത്തിനായി ഇരുവരും ബംഗളൂരുവിലെ ഇസ്രോയുടെ ബഹിരാകാശ യാത്രിക പരിശീലനകേന്ദ്രത്തിൽ പരിശീലനത്തിലാണ്.