നീറ്റ്, അഗ്നിവീർ നിർത്തില്ല: കേന്ദ്ര ധനമന്ത്രി
Thursday, August 1, 2024 2:03 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള വിവാദമായ കേന്ദ്രീകൃത നീറ്റ് പരീക്ഷയും സൈന്യത്തിലെ അഗ്നിവീർ പദ്ധതിയും നിർത്തലാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
കടമെടുപ്പിനു കേന്ദ്രം അനുവാദം നൽകുന്നില്ലെന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാരുകളുടെ ആരോപണം തീർത്തും തെറ്റാണെന്നും രാജ്യസഭയിൽ ബജറ്റ് ചർച്ചയ്ക്കു മറുപടി പറയവേ മന്ത്രി വ്യക്തമാക്കി.
യുപിഎ സർക്കാരിന്റെ പത്തു വർഷക്കാലത്ത് പ്രധാനപ്പെട്ട പ്രതിരോധ വാങ്ങലുകളൊന്നും നടത്താതെയും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലുമില്ലാതെ സൈന്യത്തെ ദുർബലമാക്കിയെന്നും പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ പേരു പറയാതെ നിർമല ആരോപിച്ചു. പോരാട്ടവീര്യവും ശാരീരിക ക്ഷമതയുമുള്ള ചെറുപ്പക്കാരെ ഉൾപ്പെടുത്തുന്നതിനാണ് അഗ്നിവീർ പദ്ധതി. രാജ്യസുരക്ഷയ്ക്കായി അഗ്നിവീർ പദ്ധതി തുടരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
യുപിഎ സർക്കാരിന്റെ കാലത്തു തുടങ്ങിയതും സുപ്രീംകോടതി റദ്ദാക്കാതിരുന്നതുമാണ് നീറ്റ് പരീക്ഷ. മെഡിക്കൽ പ്രവേശനത്തിൽ വൻ കൊള്ള നടത്തിയിരുന്ന ലോബിയാണ് നീറ്റ് പരീക്ഷയ്ക്കെതിരേ രംഗത്തുള്ളതെന്ന് മന്ത്രി പറഞ്ഞു.
നീറ്റ് പരീക്ഷ ഒഴിവാക്കി സംസ്ഥാനങ്ങൾക്കു പരീക്ഷ നടത്താൻ അനുമതി നൽകണമെന്നും അഗ്നിവീർ പദ്ധതി റദ്ദാക്കണമെന്നും അടക്കമുള്ള മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ അഞ്ച് ആവശ്യങ്ങൾ അക്കമിട്ടു നിരത്തിയായിരുന്നു ധനമന്ത്രിയുടെ മറുപടി. യുപിഎ സർക്കാർ നടപ്പാക്കാതിരുന്ന 400 രൂപ മിനിമം കൂലിയാവശ്യം ഉന്നയിച്ചതിനെയും മന്ത്രി ചോദ്യം ചെയ്തു.
കേരളത്തിന്റെ വികസനത്തിനായി കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന പരാതി തെറ്റാണെന്ന് സമർഥിക്കാൻ ധനമന്ത്രി ഏറെസമയം ചെലവഴിച്ചു. ധനകമ്മീഷൻ ശിപാർശ ചെയ്യുന്നതും ഭരണഘടനാപരമായ അവകാശവുമായ മൂന്നു ശതമാനം വായ്പയെടുക്കുന്നതിന് തടസമില്ല. അധിക വായ്പയെടുക്കാനും പ്രത്യേക അനുമതി നൽകുന്നുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങളോടു വിവേചനമില്ല.
കഴിഞ്ഞ സാന്പത്തികവർഷം കേരളത്തിന് 4,900 കോടിയും മുൻ രണ്ടു വർഷങ്ങളിൽ 4,600 കോടിയും അധികവായ്പ അനുവദിച്ചു. കേന്ദ്രവുമായി ചർച്ച ചെയ്തു രമ്യമായി പരിഹരിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്. കേരളത്തിന്റെ ആവശ്യം സ്റ്റേ ചെയ്തതുപോലുമില്ല.
കേന്ദ്രത്തിന്റെ നികുതി വിഹിതത്തിൽനിന്ന് സംസ്ഥാനങ്ങൾക്കുള്ള 41-42 ശതമാനം നൽകുന്നില്ലെന്നതും തെറ്റാണ്. മൊത്തം നികുതിവരുമാനത്തിന്റെ ശതമാനമല്ല, സെസ്, സർചാർജ്, നികുതിപിരിവിന്റെ ചെലവ് തുടങ്ങിയവ കിഴിച്ച് സിഎജി അംഗീകരിച്ച തുകയുടെ 41 ശതമാനമാണ് നൽകുന്നത്. യുപിഎ കാലത്ത് ഉണ്ടായിരുന്ന 82,000 കോടി രൂപയുടെ കുടിശിക 2022 മാർച്ചിൽ താനാണു വിതരണം ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.