റഡാർ സിഗ്നലുകളിൽ പ്രതീക്ഷ; അർജുനുവേണ്ടി തെരച്ചിൽ ഊർജിതമാക്കി
Sunday, July 21, 2024 1:16 AM IST
കാർവാർ (കർണാടക): അങ്കോള താലൂക്കിലെ ഷിരൂരിൽ ദേശീയപാതയിലേക്കു മലയിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിർണായകമായി റഡാറിൽ ലഭിച്ച സിഗ്നലുകൾ.
അർജുന്റെ ലോറി കണ്ടെത്തുന്നതിനായി റഡാർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ മണ്ണിനടിയിൽനിന്ന് നാലു സിഗ്നലുകളാണു ലഭിച്ചത്.
നാലാമത്തെ സിഗ്നൽ നേരത്തേ ലോറിയുടെ ജിപിഎസ് മാർക്ക് ചെയ്ത സ്ഥലത്തിനു സമീപമാണെന്നത് ഇന്നലത്തെ തെരച്ചിലിന്റെ അവസാനഘട്ടത്തിൽ വലിയ പ്രതീക്ഷയായി.
ഇന്നു രാവിലെ മുതൽ ഇതേ സ്ഥലം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയാൽ ലോറി കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ. എന്നാൽ, അതിന് കർണാടക അധികൃതർ വിമുഖത കാട്ടുന്നുവെന്ന് അർജുന്റെ ബന്ധുക്കൾ പരാതിപ്പെടുന്നു. വശങ്ങളിലെ മണ്ണ് നീക്കാതെ നേരിട്ട് ഇവിടം കുഴിച്ചാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും ഇതിലുണ്ടാകാമെന്നാണ് കരുതുന്നത്. ഇന്നലെ റഡാർ ഉപയോഗിച്ച് പുഴയിലും തെരച്ചിൽ നടത്തിയിരുന്നു. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്നലെ സ്ഥലത്തെത്തിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നെത്തുമെന്നാണ് സൂചന. ഇന്നലെ രാത്രി നിർത്തിവച്ച തെരച്ചിൽ ഇന്നു വെളുപ്പിന് പുനരാരംഭിക്കും.