കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കും: സിപിഐ
Wednesday, July 17, 2024 1:04 AM IST
ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടത് വോട്ടുകൾ ബിജെപിക്കു ലഭിച്ചുവെന്ന വിലയിരുത്തലോ സംശയമോ പാർട്ടിക്കില്ലെന്നും ഡൽഹിയിൽ നടന്ന മൂന്നു ദിവസം നീണ്ട ദേശീയ കൗണ്‍സിൽ യോഗത്തിനുശേഷം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ ഡി. രാജ വ്യക്തമാക്കി.
ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമങ്ങൾക്കുള്ള മറുപടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്നും അവർക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെന്നും രാജ പറഞ്ഞു. പണവും അധികാരവും ഉപയോഗിച്ച് കേരളത്തിലും തമിഴ്നാട്ടിലുമടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തി കൂട്ടാനുള്ള ശ്രമം ബിജെപി തുടരുകയാണ്. ശരിയായ സീറ്റ് വിഭജനവും പരസ്പരധാരണയും ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് കൂടുതൽ സീറ്റ് ലഭിക്കുമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷികളെ മതിയായ രീതിയിൽ ഉൾപ്പെടുത്തി മുന്നോട്ടുപോകണം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടന്നത് ത്രികോണ മത്സരമാണ്. സിപിഎം പിന്തുണ നൽകിയില്ല എന്ന പ്രചാരണം തെറ്റാണ്.
പാർട്ടിയുടെ പരാജയം പരിശോധിക്കും. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനപ്രകാരമാണ് ആനി രാജയെ വയനാട്ടിൽ മത്സരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ച ദേശീയ കൗണ്‍സിൽ യോഗത്തിൽ നടന്നില്ലെന്നും രാജ വിശദീകരിച്ചു. ഇടത് പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിൽ പാർട്ടി മുഖപത്രമായ ന്യൂ ഏജിന്റെ ചുമതല ഒഴിവാക്കിക്കൊടുക്കാനും കെ.പി. രാജേന്ദ്രൻ, അരവിന്ദ് രാജ് സ്വരൂപ് എന്നിവരെ ദേശീയ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താനും ദേശീയ കൗണ്‍സിൽ യോഗത്തിൽ തീരുമാനിച്ചതായി ഡി. രാജ പറഞ്ഞു. നീറ്റ് ക്രമക്കേട്, പുതിയ ക്രിമിനൽ നിയമങ്ങൾ തുടങ്ങിയവയ്ക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകാനും പാർട്ടി തീരുമാനിച്ചു.