ന്യൂനപക്ഷ പീഡനങ്ങൾ ഭയവും ആശങ്കയും ഉണ്ടാക്കുന്നുവെന്ന് സിബിസിഐ
Saturday, July 13, 2024 1:55 AM IST
ന്യൂഡൽഹി: ന്യൂനപക്ഷ പീഡനങ്ങളും അക്രമങ്ങളും ക്രൈസ്തവർക്കിടയിൽ ഭയവും ആശങ്കയും ഉണ്ടാക്കുന്നുണ്ടെന്ന് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയോടു പറഞ്ഞതായി സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
കത്തോലിക്കാ സഭയും വിശ്വാസികളും നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് പ്രധാനമന്ത്രിക്ക് സിബിസിഐ സംഘം കത്ത് നൽകുകയും ചെയ്തു. ചില കാര്യങ്ങളിൽ കൃത്യമായ ഉറപ്പോ നടപടിയോ വ്യക്തമാക്കിയില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും അനുഭാവപൂർവവും ഊഷ്മളവുമായ പ്രതികരണമാണു മോദി നൽകിയതെന്ന് മാർ താഴത്ത് പറഞ്ഞു.
സിബിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള മാർ ആൻഡ്രൂസ് താഴത്തിന്റെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇന്നലത്തേത്.
ഫ്രാൻസിസ് മാർപാപ്പയെ താൻ നേരിട്ടു രണ്ടുതവണ ഇന്ത്യയിലേക്കു ക്ഷണിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. വത്തിക്കാനിലെ മാർപാപ്പയുടെ ഓഫീസും കേന്ദ്രസർക്കാരും കൂടിയാലോചിച്ച് സന്ദർശനതീയതി തീരുമാനിക്കും.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം എന്നുണ്ടാകുമെന്ന് ഇപ്പോൾ തീർച്ചപ്പെടുത്താനാകില്ല. ഈ വർഷാവസാനം ഉണ്ടായില്ലെങ്കിൽ അടുത്ത വർഷമെങ്കിലും സന്ദർശനം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് സിബിസിഐ പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തിനായി സിബിസിഐയും വീണ്ടും മാർപാപ്പയെ ക്ഷണിക്കും.
മണിപ്പുരിൽ സമാധാനവും സൗഹാർദവും സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്ന് സിബിസിഐ അധ്യക്ഷൻ വ്യക്തമാക്കി. വംശീയവും ചരിത്രപരവുമായ കാരണങ്ങളാണ് മണിപ്പുരിലെ സംഘർഷത്തിനു പിന്നിലെന്ന് മോദി പറഞ്ഞു.
മതപരവും വംശീയവുമായ ഭിന്നതകൾ സൃഷ്ടിക്കുന്നതിനേക്കാളേറെ ദുരിതബാധിതരോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് സിബിസിഐ സംഘം ആവശ്യപ്പെട്ടു. കലാപം തുടങ്ങിയശേഷം താൻ നേരിട്ടു മണിപ്പുർ സന്ദർശിച്ച് കാര്യങ്ങൾ നേരിൽ ബോധ്യപ്പെട്ടതാണെന്ന് മാർ താഴത്ത് പറഞ്ഞു.
കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നതടക്കം കത്തോലിക്കാ സഭ വളരെയേറെ കാര്യങ്ങൾ ചെയ്തു. ഇംഫാൽ ആർച്ച്ബിഷപ്പുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും മണിപ്പുർ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമ്മീഷനിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ക്രൈസ്തവ പ്രാതിനിധ്യം ഉടനെ നികത്തണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. രാജ്യപുരോഗതിക്ക് വലിയ സംഭാവനകൾ ചെയ്യുന്ന ക്രൈസ്തവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണം.
ക്രൈസ്തവസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും വിദേശനാണ്യ വിനിമയത്തിനുള്ള എഫ്സിആർഎ അനുമതി നിഷേധിക്കുന്നതും പുതുക്കിനൽകൽ വൈകിക്കുന്നതും പരിഹരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. നിയമപ്രകാരമുള്ള എല്ലാ നികുതികളും നൽകുന്നവരാണ് ക്രൈസ്തവ സ്ഥാപനങ്ങളെന്ന് സംഘം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി.
ക്രൈസ്തവ ന്യൂനപക്ഷങ്ങൾ പൊതുവേയും ന്യൂനപക്ഷ വിഭാഗങ്ങൾ പ്രത്യേകിച്ചും നേരിടുന്ന വിവേചനവും അവഗണനയും പരിഹരിക്കണമെന്ന് പ്രധാനമന്ത്രിയോട് സിബിസിഐ ആവശ്യപ്പെട്ടു. മതപരിവർത്തന നിയന്ത്രണ നിയമത്തിന്റെ മറവിലും പീഡനങ്ങൾ നടക്കുന്നു.
നിർബന്ധിത മതപരിവർത്തനത്തെ കത്തോലിക്കാ സഭ ഒരുപോലെ എതിർക്കുന്നു. എന്നാൽ പൗരന് ഇഷ്ടമുള്ള മതവും വിശ്വാസവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം നിഷേധിക്കരുത്.
ഭരണഘടനയും ജനാധിപത്യവും നിയമവ്യവസ്ഥയും സംരക്ഷിക്കാൻ കത്തോലിക്കരും പ്രതിജ്ഞാബദ്ധരാണെന്ന് സിബിസിഐ ഭാരവാഹികൾ വ്യക്തമാക്കി.