കനത്ത മഴ: മിസോറമിൽ ക്വാറി തകർന്ന് 16 മരണം
Wednesday, May 29, 2024 1:58 AM IST
ഐസ്വാള്‍: കനത്ത മഴയില്‍ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറമിൽ കരിങ്കൽ ക്വാറി തകർന്ന് 16 തൊഴിലാളികൾ മരിച്ചു. മൂന്നിടങ്ങളിലായി ഉണ്ടായ അപകടത്തില്‍ 17 തൊഴിലാളികളെ കാണാതായി. തലസ്ഥാനമായ ഐസ്വാളിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ മെല്തുമിനും ഹ്ലിമെനും ഇടയില്‍ ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം.
സമീപമുള്ള സായിരംഗ് ഗ്രാമത്തിലെ 32 കുടുംബങ്ങളില്‍നിന്നായി നൂറിലേറെപ്പേരെ സുരക്ഷിതസ്ഥാനത്തേക്ക് അധികൃതർ മാറ്റി. അപകടം നടന്ന ക്വാറിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയും വെള്ളക്കെട്ടും രക്ഷാപ്രവര്‍ത്തനത്തിനു വെല്ലുവിളിയാണ്.
മഴ അതിശക്തമായി തുടരുന്നതിനിടെ മറ്റിടങ്ങളിലും വ്യാപകമായ നാശനഷ്ടമുണ്ടായി. കരിങ്കൽ ക്വാറിയിലെ ദുരന്തം പുറംലോകം അറിഞ്ഞതോടെ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ ഉൾപ്പെടെ ക്വാറിയിൽ എത്തി.
ദേശീയപാത ആറില്‍ ഹിന്ദാറിൽ മലയിടിച്ചിലുണ്ടായതോടെ മിസോറം തലസ്ഥാനം മറ്റിടങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. മറ്റു നിരവധി റോഡുകളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, പശ്ചിമബംഗാളിൽ വീശിയടിച്ച റിമാൾ ചുഴലിക്കൊടുങ്കാറ്റ് ആസാം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിൽ നാശനഷ്ടമുണ്ടാക്കി. ആസാമിൽ മൂന്നു പേരും ത്രിപുരയിൽ ഒരാളും മരിച്ചു. വിവിധ സംഭവങ്ങളിലായി നിരവധി പേർക്ക് പരിക്കേറ്റു.
കനത്ത കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ തകർന്ന് ആസാം, മിസോറം സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച അർധരാത്രി മുതൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മിസോറമിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ആസാമിലെ സോണിത്പുർ ജില്ലയിൽ സ്കൂൾ ബസിനു മുകളിൽ മരം വീണ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആസാമിൽ 12 ജില്ലകളിലാണ് ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചത്.