ഇന്ത്യ മുന്നണി നേതാക്കളുടെ യോഗം ജൂൺ ഒന്നിന്
Tuesday, May 28, 2024 1:28 AM IST
ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ഉന്നതനേതാക്കൾ ജൂൺ ഒന്നിന് ഡൽഹിയിൽ യോഗം ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ പ്രകടനം വിലയിരുത്താനും ഫലപ്രഖ്യാപനത്തിനു ശേഷമുള്ള ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനുമാണു യോഗം വിളിച്ചിട്ടുള്ളത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നതും ജൂൺ ഒന്നിനാണ്.
അന്നുച്ചകഴിഞ്ഞ് നടക്കുന്ന യോഗം വിളിച്ചിരിക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ്. ഇന്ത്യ മുന്നണി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കില്ല. ബംഗാളിൽ ജൂൺ ഒന്നിനു വോട്ടെടുപ്പു നടക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മത്സരിക്കുന്ന ഡയമണ്ട് ഹാർബറിൽ ജൂൺ ഒന്നിനാണു വോട്ടെടുപ്പ്.
28 പാർട്ടികൾ ചേർന്നാണ് ഇന്ത്യ മുന്നണി രൂപവത്കരിച്ചത്. എന്നാൽ, ജെഡി-യു, ആർഎൽഡി എന്നീ പാർട്ടികൾ മുന്നണി വിട്ട് എൻഡിഎയിൽ ചേർന്നു. ബംഗാളിൽ കോൺഗ്രസുമായോ മറ്റേതെങ്കിലും ഇന്ത്യ മുന്നണി സഖ്യകക്ഷികളുമായോ തൃണമൂൽ കോൺഗ്രസ് സഖ്യമുണ്ടാക്കിയിട്ടില്ല.