പശ്ചിമ ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം
Tuesday, May 21, 2024 1:24 AM IST
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളിൽ ഇന്നലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വിവിധയിടങ്ങളിൽ തൃണമൂൽ കോണ്‍ഗ്രസ് -ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.
ഇവിഎം തകരാറിലായെന്നും ഏജന്റുമാരെ ബൂത്തുകളിൽ പ്രവേശിക്കുന്നതിൽനിന്നു തടഞ്ഞുവെന്നും ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നു നൂറുകണക്കിനു പരാതികൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ബൂത്തുകളിൽ പോളിംഗ് ഏജന്റുമാരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞതിനെച്ചൊല്ലി ആരംബാഗ് നിയോജക മണ്ഡലത്തിലെ ഖാനകുലിൽ ടിഎംസി-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ബാരക്പുര്‍ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയും എംപിയുമായ അർജുൻ സിംഗിനു നേരേ ഒരു ബൂത്തിനു പുറത്ത് പ്രതിഷേധമുണ്ടായി. ടിഎംസി പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും അർജുൻ സിംഗിനെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ടിറ്റാഗഡിലേക്കുള്ള യാത്രയ്ക്കിടെ ബിജെപി നേതാവ് കൗസ്തവ് ബാഗ്ചിയുടെ കാറിനു നേരേ ഇഷ്ടിക എറിഞ്ഞു. ഹൗറ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹൂഗ്ലിയിലെ ചില ബൂത്തുകളിൽ വോട്ടർമാരെ ഭീഷണിപ്പെടുത്താൻ ബിജെപി പ്രവർത്തകരെ കേന്ദ്ര സേന സഹായിക്കുന്നു എന്നാരോപിച്ച് ടിഎംസി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ആരംബാഗ്, ഉലുബേരിയ, ഹൂഗ്ലി, ഹൗറ, ബോംഗോണ്‍, ശ്രീരാംപൂർ, ബാരക്പൂർ എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിൽ അഞ്ചെണ്ണം തൃണമൂൽ കോൺഗ്രസും രണ്ടെണ്ണം ബിജെപിയും വിജയിച്ചു.