വിവാദ പരാമർശം: സംവാദത്തിനു തയാറാണെന്നു ഫെർണാണ്ടസ്
Wednesday, April 24, 2024 2:25 AM IST
പനാജി: ഭരണഘടനയെക്കുറിച്ച് താൻ നടത്തിയ അഭിപ്രായങ്ങളിൽ സംവാദത്തിന് തയാറാണെന്ന് ദക്ഷിണ ഗോവയിലെ കോണ്ഗ്രസ് സ്ഥാനാർത്ഥി വിരിയാറ്റോ ഫെർണാണ്ടസ്. രാഷ്ട്രീയ നേട്ടത്തിനായി തന്റെ വാക്കുകൾ വളച്ചൊടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
1961-ൽ പോർച്ചുഗീസ് ഭരണത്തിൽനിന്നു മോചനം നേടിയ ശേഷം ഇന്ത്യൻ ഭരണഘടന ഗോവയിൽ ‘നിർബന്ധിതമായി’ അടിച്ചേൽപ്പിച്ചതാണെന്ന ഫെർണാണ്ടസിന്റെ പരാമർശമാണ് വിവാദമായത്.
രാഷ്ട്രീയ ലാഭത്തിനും വിഷം പടർത്തുന്നതിനും വേണ്ടി എന്റെ പ്രസംഗത്തിൽനിന്ന് വാക്കുകൾ അടർത്തിയെടുത്ത് വളച്ചൊടിക്കരുത്. എന്തിനെക്കുറിച്ചും തുറന്ന സംവാദത്തിന് ഞാൻ തയാറാണ്- ഫെർണാണ്ടസ് മറുപടിയായി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയമുയർത്തി കോൺഗ്രസിനെതിരേ രംഗത്തുവന്നു.