താരിഖ് അൻവറിനു തട്ടകം വീണ്ടെടുക്കണം
Wednesday, April 24, 2024 2:25 AM IST
ബിജോ മാത്യു
കത്തിഹാറിൽ തുടർച്ചയായ പതിമൂന്നാം പോരാട്ടത്തിലാണു താരിഖ് അൻവർ ഷാ. 1977ൽ തുടങ്ങിയ തെരഞ്ഞെടുപ്പു പോരാട്ടം ഇടവേളകളില്ലാതെ 2024ൽ എത്തിനിൽക്കുന്നു. അതേസമയം, അഞ്ചു തവണ മാത്രമാണ് വിജയം മുതിർന്ന കോൺഗ്രസ് നേതാവിന്റെ സന്പാദ്യം.
ഇത്തവണ തട്ടകം വീണ്ടെടുക്കാനുള്ള ഊർജിതശ്രമത്തിലാണ് എഴുപത്തിരണ്ടുകാരനായ താരിഖ് അൻവർ. ജെഡിയു-വിന്റെ സിറ്റിംഗ് എംപി ദുലാൽ ചന്ദ്ര ഗോസ്വാമിയാണ് താരിഖിന്റെ എതിരാളി. ഇത്തവണ ലോക്സഭയിലേക്കു മത്സരിക്കുന്ന ഏറ്റവും സീനിയർ സ്ഥാനാർഥി കോൺഗ്രസ് പ്രവർത്തകസമിതിയംഗമായ താരിഖാണ്. ഈയടുത്തകാലം വരെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഇദ്ദേഹമായിരുന്നു.
സീമാഞ്ചൽ മേഖലയിൽ ബംഗാളുമായി അതിർത്തി പങ്കിടുന്ന കത്തിഹാർ ബിഹാറിലെ ഏറ്റവും അവികസിത പ്രദേശങ്ങളിലൊന്നാണ്. ‘ബിഹാറിന്റെ ദുഃഖം’ എന്നറിയപ്പെടുന്ന കോസിയും മഹാനന്ദ, ഗംഗ തുടങ്ങിയ നദികളും ഈ മേഖലയെ എല്ലാ വർഷവും വെള്ളത്തിൽ മുക്കുന്നു.
തൊഴിലില്ലായ്മയും കുടിയേറ്റവും മണ്ഡലത്തിലെ പ്രധാന വിഷയങ്ങളാണ്. മണ്ഡലത്തിലെ വോട്ടർമാരിൽ 45 ശതമാനം മുസ്ലിംകളാണ്. ബിഹാറിൽ കോൺഗ്രസിന് ഇപ്പോഴും ആൾബലമുള്ള അപൂർവം മേഖലകളിലൊന്നാണ് കത്തിഹാർ. പ്രതിപക്ഷസഖ്യത്തിലെ വല്യേട്ടനായ ആർജെഡിക്കും ഇക്കാര്യത്തിൽ എതിരഭിപ്രായമില്ല. ലോക്സഭാ മണ്ഡലത്തിനു കീഴിൽ രണ്ട് എംഎൽഎമാർ കോൺഗ്രസിനുണ്ട്. വെള്ളിയാഴ്ചയാണ് കത്തിഹാറിൽ വിധിയെഴുത്ത്.
മുൻ കോൺഗ്രസ് അധ്യക്ഷൻ സീതാറാം കേസരിയാണ് കത്തിഹാർ സീറ്റ് യുവനേതാവായ താരിഖ് അൻവറിനു കൈമാറിയത്. 1977ൽ, 26ാം വയസിൽ കത്തിഹാറിൽ കന്നിയങ്കത്തിനിറങ്ങിയ താരിഖിന് ദയനീയ പരാജയം രുചിക്കേണ്ടി വന്നു.
ജനതാ തരംഗത്തിൽ സോഷ്യലിസ്റ്റ് നേതാവ് യുവ്രാജ് വൻ വിജയം നേടി. എന്നാൽ, 1980ൽ താരിഖ് പകരം വീട്ടി. 84ലെ ഇന്ദിരാതരംഗത്തിലും താരിഖ് വിജയം ആവർത്തിച്ചു. എന്നാൽ, 1989ലെ ജനതാദൾ തരംഗത്തിൽ താരിഖ് വീണു. 1991ലും പരാജയം ആവർത്തിച്ചു. 1996, 1998 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു.
1999 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് താരിഖ് അൻവർ, പി.എ. സാംഗ്മ എന്നിവരെ ഒപ്പംകൂട്ടി ശരദ് പവാർ എൻസിപി രൂപവത്കരിച്ചു. 1999, 2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ എൻസിപി സ്ഥാനാർഥിയായി മത്സരിച്ച താരിഖ് അൻവറിനു മൂന്നു തുടർ പരാജയങ്ങൾക്കുശേഷം 2014ൽ വിജയിക്കാനായി. 2018ൽ താരിഖ് 19 വർഷത്തിനുശേഷം മാതൃ പാർട്ടിയിൽ തിരിച്ചെത്തി. 2019ൽ കത്തിഹാറിൽ പന്ത്രണ്ടാം തവണയും സ്ഥാനാർഥിയായെങ്കിലും വിജയിക്കാനായില്ല. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ദുലാൽ ചന്ദ്ര ഗോസ്വാമിയോടു തോറ്റു.
പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് യുവ്രാജ് ആയിരുന്നു ആദ്യ നാലു തെരഞ്ഞെടുപ്പുകളിൽ താരിഖ് അൻവറിന്റെ എതിരാളി. 1977ലും 1989ലും യുവ്രാജ് വിജയിച്ചു. 1980ലും 1984ലും വിജയം താരിഖിനായിരുന്നു.
1996ലും 1998ലും ബിജെപിയിലെ നിഖിൽകുമാർ ചൗധരിയെ താരിഖ് അൻവർ പരാജയപ്പെടുത്തി. തുടർന്നുള്ള മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നിഖിലിനോടു തോൽക്കാനായിരുന്നു താരിഖിനു വിധി. എന്നാൽ, 2014ൽ നിഖിലിനെ തോൽപ്പിച്ച് താരിഖ് പകരം വീട്ടി.
ഇത്തവണ എൻസിപി ടിക്കറ്റിലായിരുന്നു വിജയം. നിഖിൽ-താരിഖ് പോരാട്ടം 3-3ന് സമനിലയിലായി.മഹാരാഷ്ട്രയിൽനിന്നു രണ്ടു തവണ താരിഖ് രാജ്യസഭാംഗമായി. 2012ൽ എൻസിപി പ്രതിനിധിയായി കേന്ദ്രമന്ത്രിയായി.