മണിപ്പുര് റീപോളിംഗിൽ 75%
Tuesday, April 23, 2024 2:36 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്ന് ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 11 പോളിംഗ് ബൂത്തുകളിൽ ഇന്നലെ നടന്ന റീപോളിംഗ് സമാധാനപരം. 75 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് വേട്ടെടുപ്പ് പൂർണമായും തടസപ്പെട്ട ബൂത്തുകളിൽ രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചു വരെയാണ് പോളിംഗ് നടത്തിയത്.
ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്രാങ്കാന്പു സജേബ്, തോംഗം ലെയ്കൈ, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗോവിലെ നാല്, തോങ്ജുവിലെ ഒന്ന്, ഉറിപോക്കിൽ മൂന്ന്, ഇംഫാൽ വെസ്റ്റ് ജില്ലയിലെ കോന്തൗജം എന്നീ പോളിംഗ് സ്റ്റേഷനുകളിലാണ് പോളിംഗ് നടത്തിയത്.