ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾക്കുള്ള പ്രായപരിധി ഒഴിവാക്കി
സ്വന്തം ലേഖകൻ
Monday, April 22, 2024 1:24 AM IST
ന്യൂഡൽഹി: ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ വാങ്ങുന്നതിനുള്ള വ്യക്തിഗത പ്രായപരിധി 65 എന്നത് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നീക്കം ചെയ്തു. പുതിയ വിജ്ഞാപനമനുസരിച്ച് ആരോഗ്യ ഇൻഷ്വറൻസുകൾക്ക് ഇനി പ്രായപരിധി ഉണ്ടാകില്ല.
നേരത്തേ 65 വയസ് വരെ ഉള്ളവർക്കു മാത്രമാണ് പുതിയ ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ വാങ്ങാൻ സാധിച്ചിരുന്നത്. എന്നാൽ ഏപ്രിൽ ഒന്നുമുതൽ ഈ പ്രായപരിധി നീക്കം ചെയ്തതായി വിജ്ഞാപനത്തിൽ പറയുന്നു. ഏതു പ്രായത്തിലുള്ളവർക്കും ഹെൽത്ത് ഇൻഷ്വറൻസ് പോളിസി നൽകാൻ കന്പനികൾക്കു ബാധ്യതയുണ്ടെന്ന് ഐആർഡിഎഐ വ്യക്തമാക്കി. മുതിർന്ന പൗരന്മാർക്കു ചേർന്ന പോളിസികൾ ഇൻഷ്വറൻസ് കന്പനികൾക്ക് രൂപകല്പന ചെയ്യാമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.
ഹെൽത്ത് ഇൻഷ്വറൻസ് വെയ്റ്റിംഗ് പീരിയഡ് 48 മാസത്തിൽനിന്നു 36 മാസമായി കുറയ്ക്കാനും അഥോറിറ്റി നിർദേശിച്ചിട്ടുണ്ട്. കൂടാതെ പോളിസി എടുക്കുന്ന സമയത്തെ രോഗത്തിനും ഇൻഷ്വറൻസ് പരിരക്ഷ നൽകണം.
നേരത്തേയുണ്ടായിരുന്ന രോഗമാണെന്ന പേരിൽ വെയ്റ്റിംഗ് പീരിഡിനുശേഷം ഇൻഷ്വറൻസ് കന്പനിക്കു ക്ലെയിം നിരസിക്കാൻ സാധിക്കില്ല. കാൻസർ, ഹൃദ്രോഗം, വൃക്ക രോഗം, എയ്ഡ്സ് എന്നിവയുള്ളവർക്ക് പോളിസി നൽകുന്നത് നിരസിക്കാൻ ഇൻഷ്വറൻസ് കന്പനികൾക്കു സാധിക്കില്ലെന്നും ഐആർഡിഎഐ വിജ്ഞാപനത്തിൽ പറയുന്നു.