മണിപ്പുരിലെ 11 ബൂത്തുകളിൽ ഇന്ന് റീപോളിംഗ്
സ്വന്തം ലേഖകൻ
Monday, April 22, 2024 1:24 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളെത്തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ട ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 11 പോളിംഗ് ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടത്തും.
ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്രാങ്കാന്പു സജേബ്, തോംഗം ലെയ്കൈ, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗോവിലെ നാല്, തോങ്ജുവിലെ ഒന്ന്, ഉറിപോക്കിൽ മൂന്ന്, ഇംഫാൽ വെസ്റ്റ് ജില്ലയിലെ കോന്തൗജം എന്നീ പോളിംഗ് സ്റ്റേഷനുകളിലാണ് ഇന്ന് വീണ്ടും പോളിംഗ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചു വരെയാണ് പോളിംഗ്. കനത്ത സുരക്ഷയിലാണ് പോളിംഗ് നടക്കുക.
അക്രമികൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും ബൂത്തുകളിൽ കയറി ഇവിഎം നശിപ്പിക്കുകയും ബൂത്ത് കയ്യേറാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വെടിയുതിർത്തതിനെ തുടർന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും 72 ശതമാനം പോളിംഗ് മണിപ്പുരിൽ രേഖപ്പെടുത്തിയിരുന്നു.
ബൂത്തുകൾ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുകയും ചെയ്തെന്നും അതിനാൽ 47 പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടതായും കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. മേഘചന്ദ്ര പറഞ്ഞു.