യുജിസി നിർദേശം എല്ലാ യൂണിവേഴ്സിറ്റികൾക്കും ബാധകം: സുപ്രീംകോടതി
സ്വന്തം ലേഖകൻ
Wednesday, April 17, 2024 3:04 AM IST
ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പുറപ്പെടുവിക്കുന്ന ചട്ടങ്ങളും നിർദേശങ്ങളും എല്ലാ സർവകലാശാലകളും പാലിക്കണമെന്ന് സുപ്രീംകോടതി. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ചില അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിർദേശം.
നിർദിഷ്ട യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്തണമെന്ന യുജിസിയുടെ നിർദേശം പാലിക്കാതിരുന്ന സർവകലാശാലയുടെ നടപടിക്കെതിരേയാണ് കോടതിയുടെ നിർദേശം. അധ്യാപകരെ സ്ഥിരപ്പെടുത്തി നിയമനം നടത്താനും കോടതി ഉത്തരവിട്ടു. യുജിസി ചട്ടങ്ങൾ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്ന് ജസ്റ്റീസ് അഭയ് എസ്. ഓക്ക, ജസ്റ്റീസ് പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
യുജിസി നിഷ്കർഷിച്ചിട്ടുള്ള വിദ്യാഭ്യാസയോഗ്യതകളും മറ്റ് അവശ്യയോഗ്യതകളുമുള്ള അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന നിർദേശത്തോടെ യുജിസി സർവകലാശാലയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമം ഉറപ്പാക്കുകയായിരുന്നു. എന്നാൽ, അധ്യാപകരെ സ്ഥിരപ്പെടുത്താൻ സർവകലാശാല തയാറായില്ല. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അധ്യാപകർക്ക് അനുകൂലമായിരുന്നില്ല. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച അധ്യാപകരുടെ നിയമനം യുജിസി ചട്ടങ്ങൾ അനുസരിച്ച് നടപ്പാക്കാൻ കോടതി നിർദേശിച്ചു.