കർഷകരുടെ ഡൽഹി മാർച്ച് നാളെ ; അതിർത്തി അടച്ച് പോലീസ് ഉപരോധം
Monday, February 12, 2024 2:08 AM IST
ന്യൂഡൽഹി: സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ വിവിധ കർഷകസംഘടനകൾ നാളെ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിന് തടയിടാൻ കൂടുതൽ നിയന്ത്രണങ്ങളുമായി ഹരിയാന സർക്കാർ.
മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങൾ താത്കാലികമായി റദ്ദാക്കിയതിനു പിന്നാലെ കുപ്പിയിലോ മറ്റു കണ്ടെയ്നറുകളിലോ പന്പുടമകൾ ഇന്ധനം നൽകുന്നതിനും വിലക്ക് ഏർപ്പെടുത്തി. ട്രാക്ടറുകൾക്ക് പത്തു ലിറ്ററിൽ കൂടുതൽ പെട്രോൾ നൽകരുതെന്നും കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ടവർക്ക് ഇന്ധനം നൽകുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും സോനിപത് ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഹരിയാനയിലെ ഏഴു ജില്ലകളിൽ ശനിയാഴ്ച മൊബൈൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. ഫരീദാബാദ്, അംബാല, ഹിസാർ, കുരുക്ഷേത്ര, കൈതാൽ, സിർസ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് വിലക്കിയത്. ഒരേസമയം കൂട്ടത്തോടെ എസ്എംഎസ് അയയ്ക്കുന്നതിനും വിലക്കുണ്ട്. എന്നാൽ വോയ്സ് കോളുകൾക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ലെന്നും സർക്കാർ അറിയിച്ചു. നാളെ ഉച്ച വരെയാണ് നിലവിൽ വിലക്കുള്ളത്.
കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താൻ നിയമനിർമാണം കൊണ്ടുവരിക, കർഷകർക്ക് പെൻഷൻ, ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക, വികസനത്തിനായി ഏറ്റെടുക്കുന്ന കൃഷിഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇരുന്നൂറിലധികം കർഷക സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
അണിനിരത്തുന്നത് 2500 ട്രക്കുകൾ
2500 ഓളം ട്രാക്ടറുകളിൽ 15,000ത്തിനും 20,000ത്തിനുമിടയിൽ കർഷകർ ഡൽഹിയിലെത്തുമെന്നാണ് വിവരം. ചണ്ഡീഗഡ് ഭരണകൂടം നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കർഷകരുമായി ചർച്ച നടത്തി അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആവശ്യപ്പെട്ടു. കർഷകരെ തടയാൻ പഞ്ചാബിന്റെയും ഹരിയാനയുടെയും അതിർത്തികളിൽ മുള്ളുവേലി കെട്ടിയ നടപടിയെ അദ്ദേഹം വിമർശിച്ചു.
ഡൽഹിക്കു പോകാനായി പഞ്ചാബിലെ അമൃത്സറിൽ നൂറുകണക്കിന് ട്രാക്ടറുകൾ നിരന്നുകഴിഞ്ഞു. പ്രതിഷേധിക്കുന്ന കർഷകർക്കു ഹരിയാനയിൽ പ്രവേശിക്കാനാകില്ലെന്ന് ഉറപ്പാക്കാൻ ഹരിയാന, പഞ്ചാബ് അതിർത്തികൾ അടയ്ക്കാൻ പോലീസ് സന്നാഹമൊരുക്കി.
സാധാരണ യാത്രക്കാർക്കായി ബദൽ മാർഗങ്ങൾ ഒരുക്കുമെന്നും പോലീസ് അറിയിച്ചു.
ഹരിയാനയ്ക്കും ഡൽഹിക്കും ഇടയിലുള്ള അതിർത്തികളിൽ കർഷകരെ തടയാൻ സിമന്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണൽചാക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ജലപീരങ്കികളും ഡ്രോണുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഹരിയാന പോലീസിനെ സഹായിക്കാൻ 50 കന്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ചു. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന പോലീസ് മേധാവി ശത്രുജീത് കപൂർ മുന്നറിയിപ്പു നൽകി. സംസ്ഥാന സർക്കാർ പൂർണമായും സമാധാനം ഉറപ്പാക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജും വ്യക്തമാക്കി.
അതേസമയം, സമരം ചെയ്യുന്ന കർഷകരെ കേന്ദ്രസർക്കാർ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. 2020-21ലെ കർഷക പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന ബികെയു ഉൾപ്പെടെ ഒരുവിഭാഗം സമരത്തിനിറങ്ങുന്നില്ല.
എന്നാൽ നാളത്തെ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകരെ അടിച്ചൊതുക്കിയാൽ എല്ലാ യൂണിയനുകളും തെരുവിലിറങ്ങുമെന്ന് ബികെയു മുന്നറിയിപ്പു നൽകി.
രണ്ടു സ്റ്റേഡിയങ്ങൾ താത്കാലിക ജയിലുകളാക്കി
ചണ്ഡീഗഡ്: കർഷകസംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയുന്നതിന്റെ ഭാഗമായി ഹരിയാനയിൽ രണ്ടു സ്റ്റേഡിയങ്ങൾ താത്കാലിക ജയിലാക്കി.
സിർസയിലെ ചൗധരി ദൽബീർസിംഗ് സ്റ്റേഡിയം, ദാബ്വാലിയിലെ ഗുരു ഗോബിന്ദ് സിംഗ് സ്റ്റേഡിയം എന്നിവയാണ് താത്കാലിക ജയിലാക്കി മാറ്റിയിരിക്കുന്നത്. കർഷകരെ അറസ്റ്റ് ചെയ്തു ഇവിടെയായിരിക്കും താത്കാലികമായി പാർപ്പിക്കുക.