രണ്ടു ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടിന് അനുമതി
Friday, December 1, 2023 2:20 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സൈനിക പ്രതിരോധത്തിനു കരുത്തേകി 97 പുതിയ തേജസ് വിമാനങ്ങളും 156 പ്രചന്ദ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങുന്നു. ഇതിനു പുറമെ സുഖോയ് എസ്യു- 30 പോർവിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനും തീരുമാനമായി. മൊത്തം രണ്ടു ലക്ഷം കോടി രൂപയുടെ ഇടപാടാണിത്.
തേജസ് മാർക്ക് 1-എ യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്കുവേണ്ടിയും ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടിയുമാണ് വാങ്ങുന്നത്. ഇതിനായി മാത്രം 1.1 ലക്ഷം കോടി രൂപ ചെലവഴിക്കും.
ഇന്ത്യയിലെ തദ്ദേശീയ നിർമാതാക്കൾക്ക് ഇന്നേവരെ ലഭിക്കുന്ന ഏറ്റവും വലിയ നിർമാണ ഓർഡർ ആണിത്. 97 തേജസ് വിമാനങ്ങളും 156 ആക്രമണ ഹെലികോപ്റ്ററുകളുംകൂടി വാങ്ങുന്നതിനുള്ള പ്രാഥമിക അനുമതിയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സിൽ നൽകിയത്.
സ്വകാര്യ, പൊതുമേഖലാ കന്പനികൾ അടക്കമുള്ള നിർമാണ കന്പനികളുമായി വില അടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടത്തി കരാർ ഒപ്പിടേണ്ടതുണ്ട്.
അന്തിമ വില ചർച്ച ചെയ്തുകഴിഞ്ഞാൽ, സൈൻ-ഓഫ് സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയുടെ അംഗീകാരം ആവശ്യമാണ്. പ്രതിരോധ സേനകളിലേക്കു വിമാനങ്ങളും ഹെലികോപ്റ്ററുകളും ലഭിക്കാൻ ഫലത്തിൽ 10 വർഷമെങ്കിലും എടുത്തേക്കാം.
തദ്ദേശീയമായി രൂപകല്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന നാലാം തലമുറ പോർവിമാനമാണ് തേജസ് എംകെ1എ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്. ഇന്ത്യയുടെ ആദ്യത്തെ സ്വയംനിർമിത യുദ്ധവിമാനമാണിത്.
കഴിഞ്ഞ സെപ്റ്റംബർ 15ന് 45,000 കോടി രൂപയുടെയും ഓഗസ്റ്റ് 24ന് 7,800 കോടിയുടെയും മാർച്ച് 16ന് 70,500 കോടിയുടെയും പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, സായുധ വാഹനങ്ങൾ, യന്ത്രത്തോക്കുകൾ, നിരീക്ഷണ സംവിധാനങ്ങൾ, മിസൈലുകൾ, യുദ്ധാവശ്യത്തിനുള്ള ഇലക്ട്രോണിക്സ് സംവിധാനങ്ങൾ തുടങ്ങിയവ അടക്കം പ്രതിരോധ ഇടപാടുകൾക്കു ഡിഫൻസ് അക്വിസിഷൻ കൗണ്‍സിൽ (ഡിഎസി) അനുമതി നൽകിയിരുന്നു.