തെലുങ്കാന ഇന്നു വിധിയെഴുതും
Thursday, November 30, 2023 1:56 AM IST
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. 119 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. ആകെ 2290 സ്ഥാനാർഥികൾ. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, മകനും മന്ത്രിയുമായ കെ.ടി. രാമറാവു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എ. രേവന്ത് റെഡ്ഢി, പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർക എന്നീ പ്രമുഖർ ഇന്നു ജനവിധി തേടുന്നു. ചന്ദ്രശേഖർ റാവുവും രേവന്ത് റെഡ്ഢിയും രണ്ട് സീറ്റുകളിൽ മത്സരിക്കുന്നു. ഒരിടത്ത് ഇവർ പരസ്പരം ഏറ്റുമുട്ടുന്നു.
ഭരണകക്ഷിയായ ബിആർഎസ് 119 സീറ്റുകളിലും മത്സരിക്കുന്നു. 118 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ്, ഒരു സീറ്റ് സിപിഐക്കു നല്കി. അസാദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഒന്പതിടത്താണു ജനവിധി തേടുന്നത്.
മറ്റിടങ്ങളിൽ ബിആർഎസിനെ പിന്തുണയ്ക്കുന്നു. ഹാട്രിക് വിജയമാണ് ചന്ദ്രശേഖർ റാവുവിന്റെ ലക്ഷ്യം. കോൺഗ്രസ് നേതൃത്വം നല്കിയ യുപിഎ സർക്കാരാണു തെലുങ്കാന സംസ്ഥാനം രൂപീകരിച്ചത്. ഇത്തവണ അധികാരം പിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണു കോൺഗ്രസ്.