ആശങ്കയ്ക്കു വിരാമം; രക്ഷാദൗത്യം വിജയം
Wednesday, November 29, 2023 2:03 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ആശങ്കയ്ക്കു വിരാമമിട്ട് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് 17 ദിവസത്തിനുശേഷം ശുഭസമാപ്തി. ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 7.05നാണ് ആദ്യ തൊഴിലാളിയെ പുറത്തെത്തിച്ചത്.
പിന്നാലെ ഓരോരുത്തരെയായി പുറത്തെത്തിച്ചു. ഒന്നര മണിക്കൂറിനുള്ളിൽ എല്ലാവരെയും പുറത്തെത്തിച്ചു. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയിലെ മൂന്നു വിദഗ്ധസംഘങ്ങൾ ഉള്ളിൽ കടന്നാണു തൊഴിലാളികളെ പുറത്തെത്തിച്ചത്.
ഇതുവരെ ആകാംക്ഷയുടെ നിമിഷങ്ങളായിരുന്നു തുരങ്കമുഖത്ത് കാണാനായതെങ്കിൽ ഇന്നലെ രാത്രി ഏഴുമുതൽ ആഹ്ലാദാരവമായിരുന്നു. ആദ്യ തൊഴിലാളി പുറത്തുവന്നതോടെ തുരങ്കമുഖത്ത് ദിവസങ്ങളായി കാത്തുകഴിഞ്ഞുവന്നിരുന്ന തൊഴിലാളികളുടെ ബന്ധുക്കൾ ആഹ്ലാദാരവം മുഴക്കി.
മധുരം പങ്കിട്ട് നാട്ടുകാരും സന്തോഷത്തിൽ പങ്കുചേർന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്ര സഹമന്ത്രി വി.കെ. സിംഗ് തുടങ്ങിയവരും സന്തോഷമുഹൂർത്തത്തിനു സാക്ഷികളാകാൻ എത്തിയിരുന്നു. ഇരുവരും പുറത്തുവന്ന തൊഴിലാളികളോട് അല്പനേരം ആരോഗ്യാവസ്ഥയെക്കുറിച്ച് ചോദിച്ചറിഞ്ഞു.
തുരങ്കത്തിനുള്ളിൽ സജ്ജമാക്കിയ താത്കാലിക ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് തൊഴിലാളികളെ ആംബുലൻസിലേക്കു കയറ്റിയത്. തുരങ്കത്തിനുള്ളിൽ 41 ആംബുലൻസുകൾ സജ്ജമാക്കിയിരുന്നു.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെ ഋഷികേശ് എയിംസിൽ എത്തിക്കുന്നതിനായി തൊട്ടടുത്തുള്ള ഹെലിപ്പാഡിൽ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററും സജ്ജമാക്കിയിരുന്നു. എന്നാൽ, രാത്രിയായതിനാലും കനത്ത മൂടൽമഞ്ഞ് ഉള്ളതിനാലും ഹെലികോപ്റ്ററിൽ തൊഴിലാളികളെ കൊണ്ടുപോകേണ്ടെന്ന് അവസാനനിമിഷം തീരുമാനിക്കുകയായിരുന്നു.
30 കിലോമീറ്റർ അകലെയുള്ള ചിന്യാലിസോറിലെ ആരോഗ്യകേന്ദ്രത്തിലേക്കാണ് ഇവരെ കൊണ്ടുപോയത്. അടിയന്തര ചികിത്സയും മാനസികാരോഗ്യ സഹായവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് വിദഗ്ധ മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു.
റാറ്റ് ഹോൾ മൈനിംഗ് എന്ന പരന്പരാഗത രീതി അവലംബിച്ചു ചെറിയ കുഴൽ രൂപത്തിലുള്ള തുരങ്കത്തിലൂടെയാണ് രക്ഷാപ്രവർത്തകർ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ അടുത്തേക്കെത്തിയത്.
പല മാർഗങ്ങളും പാതിവഴിയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് എലിപ്പൊത്തു പോലെ തുരന്നു കയറിച്ചെല്ലാനുള്ള നിരോധിക്കപ്പെട്ട റാറ്റ് മൈനിംഗിനു തയാറായത്. തുരന്നെടുത്ത പാസേജിലേക്ക് എസ്കേപ്പ് പൈപ്പ് സ്ഥാപിച്ചാണു തൊഴിലാളികളെ പുറത്തെത്തിച്ചത്.
തൊഴിലാളികളെല്ലാം ആരോഗ്യവാന്മാരാണെന്നു ദേശീയ ദുരന്ത നിവാരണ അഥോറിറ്റി വ്യക്തമാക്കി.