കുട്ടികളിലെ ന്യുമോണിയ: മുൻകരുതൽ നിർദേശം നൽകി കേന്ദ്രം
Monday, November 27, 2023 1:37 AM IST
ന്യൂഡൽഹി: ചൈനയിൽ അജ്ഞാത ന്യുമോണിയ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നു കേന്ദ്രസർക്കാർ നിർദേശം. സംസ്ഥാന സർക്കാരുകൾ ആശുപത്രികളിൽ മതിയായ സൗകര്യം ഒരുക്കണമെന്നും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. കോവിഡ് മുൻകരുതലുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം പുറപ്പെടുവിച്ച നിർദേശങ്ങൾ തന്നെയാണു ന്യുമോണിയയുമായി ബന്ധപ്പെട്ടും സർക്കാരുകൾ പാലിക്കേണ്ടത്. ആശുപത്രികളിൽ കിടക്ക, മരുന്നുകൾ, വാക്സിനുകൾ, ഓക്സിജൻ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
രോഗലക്ഷണം കാണിക്കുന്നവരുടെ മൂക്കിൽനിന്നും തൊണ്ടയിൽനിന്നും സ്രവം ശേഖരിച്ച് പരിശോധനാ നടപടികൾ വേഗത്തിലാക്കാനും നിർദേശമുണ്ട്. ഇതിനായി സംസ്ഥാനങ്ങളിലെ വൈറസ് റിസർച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിച്ചു.
ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കുട്ടികളിലും പ്രായമായവരിലും രോഗലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇന്റഗ്രേറ്റഡ് ഡിസീസ് സർവയലൻസ് പ്രോജക്ട് യൂണിറ്റുകളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ഉത്തരചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശ രോഗം വ്യാപിക്കുന്ന സാഹചര്യത്തെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഏതു തരത്തിലുള്ള സാഹചര്യത്തെയും നേരിടാൻ സർക്കാർ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സഹചര്യത്തിൽ വാക്സിൻ, സാമൂഹിക അകലം, ശുചിത്വം, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടനയും നിർദേശം നൽകിയിട്ടുണ്ട്.