ആ അടി ഞെട്ടിച്ചു ;യുപി സർക്കാരിനെതിരേ സുപ്രീംകോടതി
രാഹുൽ ഗോപിനാഥ്
Tuesday, September 26, 2023 4:23 AM IST
ന്യൂഡൽഹി: യുപിയിലെ മുസാഫർ നഗറിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠിയായ മറ്റൊരു വിദ്യാർഥിയക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികയുടെ നടപടിയിൽ യുപി സർക്കാരിനും പോലീസിനും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
സംഭവത്തിൽ കുറ്റപത്രം രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനെയും കുറ്റപത്രത്തിൽനിന്ന് പ്രധാന ആരോപണങ്ങൾ ഒഴിവാക്കിയതിനെയും കോടതി ചോദ്യംചെയ്തു. കേസ് ഐപിഎസ് റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ജസ്റ്റീസുമാരായ അഭയ് എസ്. ഓക, പങ്കജ് മിത്തൽ എന്നിവർ ആവശ്യപ്പെട്ടു.
രാജ്യത്തെ വിദ്യാഭ്യാസ നിയമപ്രകാരം വിദ്യാർഥികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നത് ശിക്ഷാർഹമാണെന്ന വ്യവസ്ഥയുടെ ലംഘനമാണ് ഉണ്ടായതെന്നു കണ്ടെത്തുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തി. പരാതിയിൽ പറയുന്നതാണു ശരിയെങ്കിൽ ഒരു അധ്യാപികയുടെ ഭാഗത്തുനിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചത്.
മോശമായ അനുഭവത്തിനു വിധേയനായ കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ അധ്യാപികയെ അറസ്റ്റ് ചെയ്യാവുന്നത്ര ഗൗരവമേറിയ കുറ്റങ്ങൾ ഉണ്ടായിരുന്നിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് കാലതാസം വരുത്തിയെന്നും പിന്നീട് രജിസ്റ്റർ ചെയ്ത കുറ്റപത്രത്തിൽ താരതമ്യേന ഗൗരവമില്ലാത്ത ആരോപണങ്ങളാണ് എഴുതിച്ചേർത്തതെന്നും കോടതി നിരീക്ഷിച്ചു.
പൊള്ളയായ എഫ്ഐആർ
സംഭവത്തിൽ യുപി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പൊള്ളയെന്ന് സുപ്രീംകോടതി. എഫ്ഐആർ രജിസ്റ്റർ ചെയ്ത രീതിയിൽ അതൃപ്തിയറിയിച്ച ജസ്റ്റീസുമാർ, പരാതിക്കാരനായ കുട്ടിയുടെ അച്ഛന്റെ പ്രസ്താവനകൾ പോലീസ് മനഃപൂർവം നീക്കം ചെയ്തതും എഫ്ഐആറിനൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യത്തിന്റെ തർജ്ജിമ സമർപ്പിക്കാത്തതും ചോദ്യംചെയ്തു.
ഒരു പ്രത്യേക സമുദായത്തിനെതിരേ അധ്യാപിക നടത്തിയ പരാമർശങ്ങൾ പ്രകോപനപരമാണെന്ന് കുട്ടിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിലുണ്ടെങ്കിലും എഫ്ഐആറിൽ അതു കാണുന്നില്ലെന്ന് ജസ്റ്റീസുമാർ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക സമുദായത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ തല്ലാൻ സഹപാഠികളോട് ഒരു അധ്യാപിക ആവശ്യപ്പെടുന്നത് തീർത്തും കുറ്റകരവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ്.
പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ സംസ്ഥാനം അതിന്റെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സമുദായത്തിന്റെ പേരിൽ കുട്ടികൾ ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടായാൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെയാണു ബാധിക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.