ഊരാളുങ്കലിന്റെ 82 ശതമാനം ഓഹരികളും സർക്കാരിന്റേത്
സ്വന്തം ലേഖകൻ
Tuesday, September 26, 2023 4:23 AM IST
ന്യൂഡൽഹി: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതാണെന്നു വ്യക്തമാക്കി കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സാന്പത്തികപരിധിയില്ലാതെ ഏതു പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു നൽകിയിരുന്നു. ഇതിനെതിരായ ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
സ്റ്റാൻഡിംഗ് കൗണ്‍സൽ സി.കെ. ശശിയാണ് കേരള സർക്കാരിനുവേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്.