മിർവായിസ് ഫറൂഖിനെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു
Saturday, September 23, 2023 1:42 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയുണ്ടായ പ്രക്ഷോഭങ്ങളുടെ ഭാഗമായി നാലുവർഷംമുന്പ് പോലീസ് കസ്റ്റഡിയിലെടുത്ത ഹുറിയത് കോൺഫറൻസ് വിഘടിതവിഭാഗം ചെയർമാൻ മിർവായിസ് ഉമറിനെ ഇന്നലെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു.
വീട്ടുതടങ്കലിൽനിന്നു മോചിപ്പിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞദിവസം മിർവായിസ് ജമ്മു കാഷ്മീർ ഹൈക്കോടതിയെ സമീപിച്ചു. നാലാഴ്ചയ്ക്കുള്ളിൽ ഹർജിയിൽ തീരുമാനം അറിയിക്കാൻ ഹൈക്കോടതി ജമ്മു കാഷ്മീർ ഭരണകൂടത്തോട് സെപ്റ്റംബർ 15ന് നിർദേശിച്ചു. 2019 ഓഗസ്റ്റ് അഞ്ചിനാണ് നിഗീനിലെ വീട്ടിൽ മിർവായിസിനെ തടങ്കലിലാക്കിയത്.