തെരുവുനായ: ഇടക്കാല നിർദേശങ്ങളില്ലെന്നു സുപ്രീംകോടതി
Friday, September 22, 2023 3:59 AM IST
ന്യൂഡൽഹി: രാജ്യത്ത് തെരുവുനായ്ക്കളുടെ ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടക്കാല നിർദേശങ്ങൾ പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി. മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിഷയം കേൾക്കാനും കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ നിയമങ്ങൾ, മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ എന്നിവ വിശദമായി പരിശോധിച്ചു വ്യക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതിനും അതുവഴി കേസുമായി ബന്ധപ്പെട്ട മറ്റ് ഹൈക്കോടതികളിലെ വ്യവഹാരങ്ങൾ വെട്ടിക്കുറയ്ക്കാനുമാണ് സുപ്രീംകോടതി ആഗ്രഹിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഒക്ടോബർ 18ലേക്കു മാറ്റി.