സാമാജികരുടെ നിയമപരിരക്ഷ: ഭരണഘടനാ ബെഞ്ചിനു വിട്ട് സുപ്രീംകോടതി
Thursday, September 21, 2023 12:30 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: പി.വി. നരസിംഹറാവു കേസിലെ വിധി പുനഃപരിശോധിക്കാൻ ഏഴംഗ ഭരണഘടനാ ബെഞ്ചിനെ നിയോഗിച്ച് സുപ്രീംകോടതി. പാർലമെന്റംഗങ്ങൾക്ക് ക്രിമിനൽ പ്രോസിക്യൂഷനെതിരേ ഭരണഘടനാ പരിരക്ഷയുണ്ടെന്ന 1998ലെ പി.വി. നരസിംഹ റാവു-സിബിഐ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് പുനഃപരിശോധിക്കുക.
ജാർഖണ്ഡ് മുക്തി മോർച്ചയിലെ ചില നിയമസഭാംഗങ്ങൾ ഉൾപ്പെട്ട കൈക്കൂലി, അഴിമതി ആരോപണങ്ങളെ സംബന്ധിക്കുന്നതാണ് കേസ്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1993ൽ പാർലമെന്റിൽ നടന്ന നിർണായകമായ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ ജെഎംഎം എംപിമാർ സർക്കാരിൽനിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ കൈക്കൂലി വാങ്ങിയെന്നാരോപിച്ചുള്ള കേസിൽ ജാർഖണ്ഡിലെ ജാമ മണ്ഡലത്തിൽനിന്നുള്ള ജെഎംഎം എംഎൽഎ സീത സോറൻ നൽകിയ അപ്പീലിൽ നരസിംഹ റാവു കേസിലെ വിധി വീണ്ടും പരാമർശിക്കപ്പെട്ടു.
തുടർന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 105, ആർട്ടിക്കിൾ 194 എന്നിവ പ്രകാരമുള്ള ജനപ്രതിനിധികളുടെ പ്രത്യേക പാർലമെന്ററി അവകാശവുമായി ബന്ധപ്പെട്ട നിയമത്തിലെ സുപ്രധാന ചോദ്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതിന് വലിയ പൊതുപ്രാധാന്യം ഉണ്ടെന്നും ചൂണ്ടിക്കാട്ടി അന്നത്തെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 2019 മാർച്ചിൽ വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്.
കഴിഞ്ഞ വർഷം നവംബർ 15ന് ഈ വിഷയത്തിൽ സുപ്രീംകോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി നിയമിതനായ മുതിർന്ന അഭിഭാഷകൻ പി.എസ്. പട്വാലിയ സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണ് കേസ് ഇപ്പോൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ തീരുമാനമായത്.
വോട്ട് ചെയ്യാനോ സഭയിൽ പ്രസംഗിക്കാനോ കൈക്കൂലി വാങ്ങിയതിന് ഒരു നിയമനിർമാതാവിനും ക്രിമിനൽ വിചാരണ നടപടികളിൽനിന്നു മുക്തി നേടാനാകില്ലെന്നും ഇത്തരം സാമാജികർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നുമാണ് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട്.
വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ആർട്ടിക്കിൾ 105(2) പാർലമെന്റ് അംഗങ്ങൾക്ക് നൽകുന്ന അതേ പരിരക്ഷയാണ് ആർട്ടിക്കിൾ 194(2) പ്രകാരം സംസ്ഥാന നിയമസഭാംഗങ്ങൾക്കും ലഭിക്കുന്നതെന്നും ഹർജിക്കാരിയായ സീത സോറൻ സുപ്രീംകോടതിയിലെ അപ്പീൽ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കൈക്കൂലി വാങ്ങിയെന്നതാണ് സീത സോറന് എതിരേയുള്ള സിബിഐ കേസ്. ഒരു രാജ്യസഭാ സ്ഥാനാർഥിയിൽനിന്ന് അയാൾക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയെന്നും പകരം മറ്റൊരു സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തെന്നുമാണ് കേസ്. സീതാ സോറന്റെ ഭർതൃപിതാവും ജെഎംഎം നേതാവുമായ ഷിബു സോറൻ 1998 ലെ ഭരണഘടനാ ബെഞ്ച് വിധിയിലൂടെ അഴിമതിക്കേസിൽനിന്ന് രക്ഷ നേടിയിരുന്നു.