അനന്ത്നാഗിൽ സൈനികനീക്കം പൂർത്തിയായി
Wednesday, September 20, 2023 1:45 AM IST
ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിലെ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്ന ലഷ്കർ കമാൻഡർ ഉസൈർ ഖാൻ അടക്കം രണ്ടു ഭീകരരെയും സുരക്ഷാസേന വധിച്ചു.
ഏഴാം ദിനമാണ് ഭീകരരെ സൈന്യം വധിച്ചത്. 13-ാം തീയതി ഈ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കരസേനാ കേണൽ, മേജർ, കാഷ്മീർ പോലീസ് ഡിവൈഎസ്പി, ഒരു ജവാൻ എന്നിവർ വീരമൃത്യു വരിച്ചിരുന്നു.
ഉസൈർ ഖാന്റെ മൃതദേഹം കണ്ടെടുത്തുവെന്ന് കാഷ്മീർ എഡിജിപി വിജയ്കുമാർ പറഞ്ഞു. ഗഡോൾ വനമേഖലയിലെ സൈനികനീക്കം അവസാനിച്ചുവെന്നും എന്നാൽ, തെരച്ചിൽ തുടരുമെന്നും എഡിജിപി പറഞ്ഞു.
“വലിയ മേഖല ഇനിയും പരിശോധന നടത്താനുണ്ട്. പൊട്ടിത്തെറിക്കാത്ത നിരവധി ഷെല്ലുകൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. ജനം ആ മേഖലയിലേക്കു പോകരുത്’’-എഡിജിപി കൂട്ടിച്ചേർത്തു.
കാഷ്മീരിലെ ഏറ്റവും ദൈർഘ്യമേറിയ സൈനികനീക്കങ്ങളിലൊന്നാണ് അനന്ത്നാഗിൽ അരങ്ങേറിയത്. നിബിഡവനത്തിൽ ഗുഹകൾക്കു സമാനമായ ഒളിയിടങ്ങളിൽനിന്നു ഭീകരരെ തുരത്താൻ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചായിരുന്നു സൈനികനീക്കം.