ബിജെഡി 2019ൽ ഒരു മുഴം മുന്പേ എറിഞ്ഞു!
Wednesday, September 20, 2023 1:23 AM IST
ഭുവനേശ്വർ: വനിതകൾക്ക് 33 ശതമാനം വനിതാ സംവരണം 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽത്തന്നെ നടപ്പാക്കിയ പാർട്ടിയാണ് ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാ ദൾ
(ബിജെഡി).
അന്ന് ഏഴ് വനിതകളെയാണു ബിജെഡി സ്ഥാനാർഥിയാക്കിയത്. ഇതിൽ അഞ്ചു പേർ വിജയിച്ചു. ബിജെപി ടിക്കറ്റിൽ രണ്ടു വനിതകൾ വിജയിച്ചിരുന്നു. ഇതോടെ ഒഡീഷയിൽ ഏഴ് വനിതാ അംഗങ്ങളായി. അതായത് ഒഡീഷയിൽ ലോക്സഭയിലേക്ക് 33 ശതമാനം വനിതാ സംവരണമായി.
21 ലോക്സഭാ മണ്ഡലങ്ങളാണ് ഒഡീഷയിലുള്ളത്. പ്രമീള ബിസോയി, മഞ്ജുള മണ്ഡൽ, രാജശ്രീ മല്ലിക്ക്, ശർമിഷ്ഠ സേഥി, ചന്ദ്രാണി മുർമു(എല്ലാവരും ബിജെഡി), അപരാജിത സാരംഗി, സംഗീതകുമാർ സിംഗ് ദേവ്(ഇരുവരും ബിജെപി) എന്നിവരാണ് ഒഡീഷയിൽനിന്നുള്ള വനിതാ ലോക്സഭാംഗങ്ങൾ.
2019ൽ ബംഗാളിൽ തൃണമൂലിന് 19 വനിതാ സ്ഥാനാർഥികളുണ്ടായിരുന്നു. ബംഗാളിൽ 42 സീറ്റാണുള്ളത്. അതേസമയം, ഒഡീഷ നിയമസഭയിൽ വനിതാ പ്രാതിനിധ്യം പത്തു ശതമാനത്തിൽ താഴെയാണ്.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് അവകാശപ്പെട്ടതാണെന്ന് ബിജെഡി വൈസ് പ്രസിഡന്റ് ദേബി പ്രസാദ് മിശ്ര പറഞ്ഞു.