സർക്കാർ ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര
Sunday, June 11, 2023 12:24 AM IST
ബംഗളൂരു: കർണാടകത്തിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്കു സൗകര്യമൊരുക്കുന്ന ശക്തി പദ്ധതിക്ക് ഇന്നു തുടക്കമാകും. ബംഗളൂരു സിറ്റിയിൽ കണ്ടക്ടറുടെ വേഷമണിഞ്ഞ് സ്ത്രീകൾക്കു ടിക്കറ്റ് നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാനത്തിനുള്ളിൽ 20 കിലോമീറ്റർവരെ സ്ത്രീകൾക്ക് സൗജന്യയാത്രയാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനമായിരുന്നു സ്ത്രീകളുടെ സൗജന്യയാത്ര.
200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയും സിദ്ധരാമയ്യ സർക്കാർ ഉടൻ നടപ്പാക്കും. ജൂലൈ ഒന്നിന് കലബുർഗിയിലാണ് ഉദ്ഘാടനം. ബിപിഎൽ ഉപഭോക്താക്കൾക്ക് 10 കിലോ സൗജന്യ അരി നല്കുന്ന പദ്ധതിക്കും തുടക്കമാകും.
സ്ത്രീകൾക്കു മാസം 2000 രൂപ നല്കുന്ന ഗൃഹലക്ഷ്മി പദ്ധയുടെ ഉദ്ഘാടനം ഓഗസ്റ്റ് 16നു നടക്കും.