നിർമിതബുദ്ധിക്ക് നിയന്ത്രണം ഏർപ്പെടുത്തും: ഉപയോക്താക്കൾക്ക് ഹാനികരമാകില്ലെന്നു കേന്ദ്രം
Saturday, June 10, 2023 12:14 AM IST
ന്യൂഡൽഹി: നിർമിതബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജനങ്ങൾക്ക് ഹാനികരമാകില്ലെന്ന് ഉറപ്പുവരുത്തുന്നതിന് നിയമനിർമാണം നടത്തുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
മോദിസർക്കാരിന്റെ കഴിഞ്ഞ ഒന്പതു വർഷത്തെ നേട്ടങ്ങൾ വിശദീകരിക്കുന്നതിന് ബിജെപി ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്.
വിഷലിപ്തമായ ഉള്ളടക്കങ്ങളും കുറ്റകൃത്യങ്ങളും ഇന്റർനെറ്റിൽ ഗണ്യമായി വർധിക്കുകയാണ്. ഇന്റർനെറ്റ് ഉപയോക്താക്കളെ മോശമായി ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ല. രാജ്യത്ത് ഇപ്പോൾ 85 കോടി ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും രണ്ടു വർഷത്തിനുള്ളിൽ അത് 120 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സൈബറിടത്തെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്നത് സർക്കാരിന്റെ വീക്ഷണവും ദൗത്യവുമാണെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ വ്യക്തിവിവര സംരക്ഷണ ബിൽ താമസിയാതെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.