യുഎസിലേക്കുള്ള എയർ ഇന്ത്യ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കി
Thursday, June 8, 2023 2:42 AM IST
ന്യൂഡൽഹി: ഡൽഹിയിൽനിന്ന് യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കു യാത്രചെയ്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് റഷ്യയിൽ അടിയന്തരമായി ഇറക്കി. നോൺസ്റ്റോപ്പ് വിമാനം റഷ്യയിലെ മാഗദാൻ എന്ന ചെറുനഗരത്തിലാണ് അടിയന്തരമായി ഇറക്കിയത്. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് ബോയിംഗ് 777-200 എൽആർ വിമാനത്തിൽ ഉണ്ടായിരുന്നത്.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് പതിനായിരത്തോളം കിലോമീറ്റർ അകലെയാണ് മാഗദാൻ. ചെറുഗ്രാമത്തിലെ വിമാനത്താവളമായതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ഹോട്ടലുകളുടെയും മറ്റും അപര്യാപ്തത മൂലം സ്കൂൾകെട്ടിടങ്ങളിലുൾപ്പെടെ ആളുകളെ താമസിപ്പിക്കേണ്ടിവന്നു. പ്രാദേശികഭരണകൂടം ഏതാനും യാത്രക്കാർക്ക് മറ്റു താമസസൗകര്യങ്ങളും ഒരുക്കി. ആളുകൾക്ക് ഭക്ഷണം ഉൾപ്പെടെ ലഭ്യമല്ലാത്ത സ്ഥിതിവിശേഷവും ഉണ്ടായി.
പിന്നാലെ ഭക്ഷണവും മറ്റ് അടിസ്ഥാനസൗകര്യങ്ങളുമായി മറ്റൊരു വിമാനം മുംബൈയിൽ നിന്ന് മാഗദാനിലേക്ക് അയയ് ക്കുകയായിരുന്നു. സാൻഫ്രാൻസിസ്കോയിലേക്കു പറക്കേണ്ട വിമാനത്തിന്റെ തകരാർ പരിഹരിക്കാനും ശ്രമം നടക്കുന്നതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാൽ ഇന്ത്യൻ വിമാനം റഷ്യയിൽ ഇറക്കിയത് രാജ്യാന്തരതലത്തിലും ചർച്ചയായി.
യുഎസിലേക്കുള്ള യാത്രാവിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കിയെന്നും എത്ര യുഎസ് പൗരന്മാർ യാത്രചെയ്തിരുന്നു എന്ന് വ്യക്തമല്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പാട്ടീൽ പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.