മണിപ്പുർ സംഘർഷം: അമിത്ഷായുടെ വസതിക്കു മുന്നിൽ പ്രതിഷേധം
Thursday, June 8, 2023 2:42 AM IST
ന്യൂഡൽഹി: മണിപ്പുരിലെ സംഘർഷം അവസാനിപ്പിക്കണമെന്നാശ്യപ്പെട്ടു കുക്കി വിഭാഗത്തിൽപ്പെട്ട വനിതകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഡൽഹിയിലെ വസതിക്കുമുന്നിൽ പ്രതിഷേധിച്ചു.
മണിപ്പുർ സന്ദർശനത്തിനിടെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്ന് അമിത്ഷാ ഉറപ്പുനൽകിയിട്ടും അക്രമങ്ങളും തീവയ്പും തുടരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കുക്കി വനിതാഫോറത്തിന്റെ പ്രതിഷേധം. കുക്കി വിഭാഗത്തിനെതിരേ നടപടി ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ഇംഫാലിൽ മെയ്തി വിഭാഗത്തിൽപ്പെട്ടവർ മനുഷ്യച്ചങ്ങലയും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുക്കി വിഭാഗത്തിൽപ്പെട്ട വനിതകൾ ഡൽഹിയിൽ പ്രതിഷേധവുമായി എത്തിയത്.
“അമിത് ഷാ താങ്കൾ ഞങ്ങൾക്ക് സമാധാനം വാഗ്ദാനം ചെയ്തു. പക്ഷേ എവിടെ സമാധാനം? മുഖ്യമന്ത്രി ബിരേൻ സിംഗ് സ്വേച്ഛാധിപതിയാണ്..’’ തുടങ്ങിയ പ്ലക്കാർഡുകളുമായാണ് കുക്കി വനിതാഫോറം പ്രവർത്തകർ അമിത് ഷായുടെ വസതിക്കു മുന്നിലേക്ക് പ്രതിഷേധവുമായെത്തിയത്.
സംഘർഷം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ഇടപെടൽ വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അമിത് ഷായുടെ സന്ദർശനശേഷവും മണിപ്പുരിൽ കലാപം വ്യാപിക്കുന്നത് കേന്ദ്രസർക്കാരിന് തലവേദനയായിട്ടുണ്ട്.