ഒഡീഷ ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റുമാരുടെ മൊഴിയെടുത്തു
Tuesday, June 6, 2023 12:39 AM IST
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന റെയിൽവേ സേഫ്റ്റി കമ്മീ ഷണർ (സിആർഎസ്) ലോക്കോ പൈലറ്റുമാരുടെ മൊഴിയെടുത്തു.
ഭുവനേശ്വർ എയിംസിൽ ചികിത്സയിൽ കഴിയുന്ന ലോക്കോ പൈലറ്റ് ഗുണനിധി മൊഹന്തി, അസി. ലോക്കോ പൈലറ്റ് ഹജാരി ബെഹ്റ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ഡൽ എക്സ്പ്രസിനെ നിയന്ത്രിച്ചിരുന്നത് ഇരുവരുമാണ്.
രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമായ നിലയിലാണ്. മൊഹന്തിയെ ഇന്നലെയാണ് അത്യാഹിതവിഭാഗത്തിൽനിന്ന് മുറിയിലേക്കു മാറ്റിയത്. ബെഹ്റയുടെ തലയ്ക്കാണു പരിക്ക്.
സ്വകാര്യത അനുവദിക്കണമെന്നും ശാരീരികവും മാനസികവുമായുള്ള മടങ്ങിവരവിന് രണ്ടുപേർക്കും അവസരമൊരുക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതായി റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. ഡ്രൈവർമാരുടെ പിഴവല്ല അപകടകാരണമെന്ന് റെയിൽവേ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, അപകടം നടന്ന ബാലസോർ വഴിയുള്ള ഗതാഗതം സാധാരണ നിലയിലായി. ഇന്നലെ രാവിലെ ഹൗറ-പുരി വന്ദേഭാരത് എക്സ്പ്രസാണ് അപകടശേഷം ആദ്യം കടന്നുപോയത്. രാവിലെ 9.30 ഓടെയാണ് ബഹനാഗ ബസാർ സ്റ്റേഷനിലൂടെ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോയത്. സ്റ്റേഷനിലുണ്ടായിരുന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡ്രൈവർമാർക്ക് അഭിവാദ്യം നൽകി. ഹൗറ-പുരി എക്സ്പ്രസ്, ഭുവനേശ്വർ-ന്യൂഡൽഹി സന്പർക്ക്ക്രാന്തി എക്സ്പ്രസും കടന്നുപോയി.
വെള്ളിയാഴ്ചയുണ്ടായ ദുരത്തിൽ 275 പേർക്കാണ് ജീവൻ നഷ്ടമായത്. 1200 പേർക്കു പരിക്കേറ്റു.