ബീച്ചില് മലയാളി വിദ്യാര്ഥികള്ക്ക് സദാചാര ഗുണ്ടകളുടെ ആക്രമണം: ഏഴു പേര് അറസ്റ്റില്
Saturday, June 3, 2023 1:52 AM IST
മംഗളുരു: വിനോദയാത്രയുടെ ഭാഗമായി ഉള്ളാള് ബീച്ചിലെത്തിയ കാസര്ഗോഡ് സ്വദേശികളായ മെഡിക്കല് വിദ്യാര്ഥികള്ക്കു നേരേ സദാചാരഗുണ്ടാ ആക്രമണം. മംഗളൂരു നഗരത്തിലെ ഒരു പാരാമെഡിക്കല് കോളജിലെ വിദ്യാര്ഥികളും കാസര്ഗോഡ് സ്വദേശികളുമായ മൂന്നു യുവാക്കളെയാണു സദാചാരഗുണ്ടാസംഘം മര്ദിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ഉള്ളാള് പോലീസ് സ്റ്റേഷന് പരിധിയിലെ സോമേശ്വരബീച്ചില് വച്ചാണ് ഇവര്ക്കു മര്ദനമേറ്റത്. മൂന്ന് മെഡിക്കല് വിദ്യാര്ഥിനികള്ക്കൊപ്പം ഇവര് നടന്നുപോകുന്നതു നിരീക്ഷിച്ച സംഘം ഇവരെ പിന്തുടര്ന്ന് കടല്ത്തീരത്തു വച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മെഡിക്കല് വിദ്യാര്ഥികളെ ദേര്ളക്കട്ട ആശുപത്രിയില് പ്രവേശിപ്പിച്ചു. വിദ്യാര്ഥിനികളെ സംഘം ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയായിരുന്നു.
സംഭവത്തെത്തുടര്ന്ന് സോമേശ്വര് കടല്ത്തീരത്ത് ഉള്ളാള് പോലീസ് സുരക്ഷ ഏര്പ്പെടുത്തി. കേസിൽ ഉള്ളാള് പോലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തു. ഉള്ളാള് ബസ്തിപടുപ്പ് സ്വദേശി യതീഷ്, ഉച്ചില സ്വദേശി സച്ചിന്, തലപ്പാടി സ്വദേശികളായ മോക്ഷിത്ത്, സുഹാന് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവര് നല്കിയ വിവരമനുസരിച്ച് പിന്നീട് മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.